Skip to main content
മലയോര മേഖലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് സീതത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സംസാരിക്കുന്നു.

സീതത്തോട്ടില്‍ സ്‌പെഷല്‍ ഓഫീസ് തുറക്കും: കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പട്ടയ വിതരണവുമായി ബന്ധപ്പെട്ട സര്‍വേയ്ക്കായി  സീതത്തോട്ടില്‍ സ്‌പെഷല്‍ ഓഫീസും ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യങ്ങളും ആവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍  ഊര്‍ജിതമാക്കുന്നതിനും, പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സര്‍വേ ടീമിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും സീതത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
പട്ടയ വിതരണ നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍  സീതത്തോട് പഴയ പഞ്ചായത്ത് ഓഫീസില്‍ പുതിയ ഓഫീസ് തുറക്കും. സര്‍വേ ടീമിന് ആവശ്യമായ വാഹനസൗകര്യം ക്രമീകരിക്കാന്‍ പഞ്ചായത്തുകളുടെ ഇടപെടല്‍ ഉറപ്പാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ സര്‍വേ ടീമുകളെ സഹായിക്കാന്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, കൈവശ കര്‍ഷക പ്രതിനിധികള്‍ എന്നിവരുടെ സഹായ സമിതികളും മേല്‍നോട്ട ചുമതല വഹിക്കുന്ന കമ്മറ്റികളും പ്രവര്‍ത്തിക്കും. ജനങ്ങള്‍ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണം. ഇനിയും അപേക്ഷ നല്‍കാന്‍ ഉള്ളവര്‍ക്ക് പുതുതായി തുടങ്ങുന്ന സ്‌പെഷല്‍ ഓഫീസിലെത്തി നല്‍കാം. പത്തുവര്‍ഷമായി  മുടങ്ങിക്കിടക്കുന്ന പട്ടയ വിതരണത്തിന് ഈ സര്‍വേയോടു കൂടി പരിഹാരമാകുമെന്നും  എം.എല്‍.എ പറഞ്ഞു. നിലവില്‍ പട്ടയ വിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടന്നു വരുന്ന റിക്കാര്‍ഡുകള്‍ തയാറാക്കുന്ന സര്‍വേ 2020 മാര്‍ച്ച് 31ന് അകം പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

പ്രായോഗിക പരിമിതികള്‍ ഇനിയും ഒരുപാടുണ്ട്. അവയെല്ലാം സമയബന്ധിതമായി പരിഹരിക്കും. ലോക്കല്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് സര്‍വേ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും. കൈവശക്കാര്‍ സര്‍വേയുമായി സഹകരിക്കണമെന്നും എം എല്‍ എ പറഞ്ഞു. പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗമാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മലയോര കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചിരുന്നതായി എംഎല്‍എ പറഞ്ഞു. ഇതേ തുടര്‍ന്നാണ് നടപടികള്‍ ദ്രുതഗതിയിലായത്. കഴിഞ്ഞ പത്ത് വര്‍ഷമായി സ്‌കെച്ചും പ്ലാനും തയാറാക്കുന്ന പ്രവര്‍ത്തനം മാത്രമാണ് ഇതുമായി ബന്ധപെട്ട് നടന്നിട്ടുള്ളത്.

ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് വില്ലേജുകളിലായി മാത്രം 3600 സ്‌കെച്ചുകളാണുള്ളത്. 2016ല്‍ ചിറ്റാറില്‍ നടന്ന പട്ടയമേളയില്‍ മുന്‍ സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ 40 പട്ടയങ്ങള്‍ തയാറാക്കി വിതരണം ചെയ്തത് റദ്ദ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നീട് വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇടപെട് ഉപാധിരഹിത പട്ടയ വിതരണത്തിനായി വീണ്ടും നടപടി ആരംഭിച്ചത്.
ഇതിന്‍ പ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടപടി പൂര്‍ത്തീകരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍, റാന്നി, കോന്നി വനം ഡിവിഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ട്. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പട്ടയം വിതരണം ചെയ്യും. ഇതിനായി പട്ടയ റിക്കാര്‍ഡുകള്‍ തയാറാക്കാന്‍ ഒന്‍പതു ടീം വിവിധ വില്ലേജുകളില്‍ പ്രവര്‍ത്തിച്ചു വരുകയാണെന്നും എംഎല്‍എ പറഞ്ഞു.  
നിലവില്‍ 5677 അപേക്ഷകരാണുള്ളത്. ഉദ്യോഗസ്ഥരുടെ പക്കലുള്ള സ്‌കെച്ച് വച്ച് കര്‍ഷകരുടെ ഭൂമി പ്രത്യേകം അളന്നു തിട്ടപ്പെടുത്തുന്ന ശ്രമകരമായ ജോലിയാണ് നിലവില്‍ നടന്നുവരുന്നത്. എന്നാല്‍, പല കാരണങ്ങളാലും ഈ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലെന്നു മനസിലാക്കിയ സാഹചര്യത്തിലാണ് എംഎല്‍എ ഇടപെട്ട് കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്.

പല സ്ഥലങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വലിയ കയറ്റമുള്ള പ്രദേശങ്ങളില്‍ ഫ്രണ്ട് ഗിയര്‍ സംവിധാനമുള്ള വാഹനങ്ങള്‍ ഒരുക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സഹകരണം ഉറപ്പുവരുത്തണം. സര്‍വേ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തലത്തില്‍ ഉണ്ടാകാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് വളയം പള്ളില്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, കോന്നി തഹസില്‍ദാര്‍ സോമനാഥന്‍ നായര്‍, സീതത്തോട് വില്ലേജ് ഓഫീസര്‍ കെ.എസ് അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അജിന്‍ ഐപ്പ്, സി.കെ സജീവ് കുമാര്‍, അസീന, ജൂനിയര്‍ സൂപ്രണ്ട് പി ജെ ഏബ്രഹാം,  സര്‍വേ ടീം അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സീതത്തോട് പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങള്‍ ജനീഷ് കുമാര്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ പി.ബി നൂഹും സന്ദര്‍ശിച്ചു.
 

date