Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി തിരൂരങ്ങാടി ഗവ. പോളിടെക്നിക്കിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ജനുവരി നാലിന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

മേലെ ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന അവുക്കാദര്‍ കുട്ടി നഹ മെമ്മോറിയല്‍ തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച  12. 39 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായി. ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ക്ലാസ് മുറികള്‍, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ മാനദണ്ഡപ്രകാരമുള്ള രണ്ട് ഡിജിറ്റല്‍ ലൈബ്രറികള്‍, രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍, സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളോടെയുള്ള  മൂന്ന് നില കെട്ടിടമാണ് സജ്ജീകരിച്ചിരിക്കുന്നത്.  10.85 കോടി രൂപ ചെലവില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിക്കുകയും 1.24 കോടി രൂപ ചെലവില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തുകയുമായിരുന്നു.            
    അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും സില്‍വര്‍ ജൂബിലി ആഘോഷവും ജനുവരി നാലിന് രാവിലെ ഒന്‍പതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.പി ഇന്ദിര ദേവി, ഉത്തരമേഖല ജോയിന്റ് ഡയറക്ടര്‍ പി ബീന തുടങ്ങിയവര്‍ പങ്കെടുക്കും. സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ടെക് ഫെസ്റ്റ്, എക്സിബിഷനുകള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ക്വിസ് - ഐഡിയ കോണ്ടസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ ആഭിമുഖ്യത്തിലുള്ള ഫാഷന്‍ ഷോ, കലാസന്ധ്യകള്‍ എന്നിവയുമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ജെ.എസ് സുരേഷ് കുമാര്‍, പോളിടെക്നിക് കോളേജ് സൂപ്രണ്ട് കെ സി ഹണിലാല്‍ എന്നിവര്‍ അറിയിച്ചു.
     ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ മൂന്ന് ട്രേഡുകളിലായി നിലവില്‍ 472 വിദ്യാര്‍ത്ഥികളാണ് തിരൂരങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജിലുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് യാഥാര്‍ത്ഥ്യമായതോടെ പോളിടെക്നിക്കിന് നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍  അംഗീകാരം ലഭിക്കുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ക്കുള്ള അവസരമുണ്ടാവും.
 

date