Skip to main content

ആരോഗ്യം സംരക്ഷിക്കുന്ന കാർഷികസംസ്കാരത്തിന് കേരളത്തെ സജ്ജമാക്കും- മന്ത്രി വി. എസ് സുനിൽകുമാർ

 

 

ആലപ്പുഴ :കേരളീയരുടെ അരോഗ്യ സംരക്ഷ്ണത്തിന് പ്രാധാന്യം നൽകുന്ന കാർഷിക സംസ്കാരം വളർത്തിക്കൊണ്ട് വരാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. ആരോഗ്യ വകുപ്പുമായി ചേർന്നു നടപ്പിലാക്കുന്ന ‘ ജീവനി‘ പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹരിതം ഹരിപ്പാട് ആർ.കെ.വി.വൈ പദ്ധതികളുടെ ഉദ്ഘാടനം പള്ളിപ്പാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

ഈ പദ്ധതിയിലൂടെ 1000 ഏക്കറിലധികം സ്ഥലം തരിശ് രഹിതമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഹരിതം ഹരിപ്പാട് പദ്ധതിക്ക് ഒന്നാം ഗഡുവായി 4.96 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പുതുവർഷത്തിൽ നടപ്പിലാക്കുന്ന കൃഷിപാഠശാല പദ്ധതിയിലൂടെ ഒരു പഞ്ചായത്തിലെ 2000 പേർക്ക് കാർഷിക അറിവുകൾ പകർന്ന് നൽകും. കേരളത്തിലെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളുടെയും വീട്ടിൽ ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കും. കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെയെല്ലാം ഇതിൽ പങ്കാളികളാക്കും. ഉദ്യോഗസ്ഥർ ഫയലിൽ നിന്നും വയലിലേക്ക് ഇറങ്ങണം. കാർഷിക സർവകലാശാലകൾ മൂന്ന് വർഷം അടച്ചിട്ടാലും ഒരു ചുക്കും സംഭവിക്കാനില്ല. എന്നാൽ ശാസ്ത്രജ്ഞർ ലാബിൽ നിന്നും ലാൻഡിലിറങ്ങിയാൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് ബ്ലോക്കിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. തരിശ് രഹിത മണ്ഡലമാക്കി ഹരിപ്പാടിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാളുകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പള്ളിപ്പാട് ഹോളി ഏഞ്ചൽ‌സ് സ്കൂളിന് നൽകി ജില്ലാ കലക്ടർ എം.അഞ്ജന നിർവഹിച്ചു. ഹരിതം ഹരിപ്പാട് പദ്ധതിയുടെ ആൽബം നഗരസഭാ ചെയർ പേഴ്സൺ വിജയമ്മ പുന്നൂർ മഠം കൃഷി മന്ത്രിക്ക് കൈമാറി. മന്ത്രിയിൽ നിന്നും ആൽബം ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് ബിജുകൊല്ലശേരി എറ്റുവാങ്ങി. പ്രിൻസിപ്പൽ കൃഷിഓഫീസർ ഇൻ‌ചാർജ് ഉമ്മൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.കൃഷി ഡപ്യൂട്ടി ഡയറക്ടർ വി. അനിത പദ്ധതി വിശദീകരണം നടത്തി.മുൻ എം.എൽ.എ അഡ്വ. ബി.ബാബുപ്രസാദ്, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, അസിസറ്റന്റ് ഡയറക്ടർ എലിസബത്ത് ഡാനിയേൽ എന്നിവർ സംസാരിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് സ്വാഗതവും പള്ളിപ്പാട് കൃഷിഓഫീസർ ഡി. ഷാജി നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ കീടരോഗ നിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ബി.സ്മിത, എസ്.ബി.ഐ റീജണൽ മാനേജർ അസർ. സുബ്രഹ്മണ്യൻ എന്നിവർ  ക്ലാസ്സെടൂത്തു.

 

date