വെളിയനാട് ബ്ലോക്കില്‍ ലൈഫ് കുടുംബ സംഗമം ജനുവരി 9ന്
ആലപ്പുഴ :വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ലൈഫ് മിഷൻ കുടുംബങ്ങളുടെ കുടുംബ സംഗമം ജനുവരി ഒൻപതിന് കെ വി എസ് ഹാളിൽ നടക്കും. കുടുംബ സംഗമത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി രാധാകൃഷ്ണപിള്ള കൺവീനറുമായുള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്. പഞ്ചായത്ത് മെമ്പർമാർ അംഗങ്ങളായുള്ള വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ലൈഫ്മിഷൻ വഴി 2 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചതിന്റെ സംസ്ഥാന തല പ്രഖ്യാപനം 2020 ജനുവരി 26 മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും .ഇതിന്റെ മുന്നോടിയായിട്ടാണ് ജനുവരി 15 നകം ബ്ലോക്ക് പഞ്ചായത്ത്തല ലൈഫ് കുടുംബ സംഗമം നടത്താൻ സർക്കാർ തീരുമാനിച്ചത്. ബ്ലോക്കിന് കീഴിൽ 352 ലൈഫ് ഗുണഭോക്താക്കളാണ് ഉള്ളത്. ജനുവരി ഒൻപതിന് നടക്കുന്ന സംഗമത്തിൽ ലൈഫ് അംഗങ്ങൾക്കായി അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകൾക്കു കുറഞ്ഞ നിരക്കിൽ വിവിധ സാധന സാമഗ്രികൾ നൽകുന്നതുൾപ്പടെ ഇരുപതോളം സേവനങ്ങൾ ഉപഭോക്തക്കൾക്കു അദാലത്തിലൂടെ ലഭിക്കും.
ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പ്രസിഡന്റ് ലൈല രാജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments