Skip to main content

സംസ്ഥാന കേരളോത്സവം ഡിസംബര്‍ 26 ന്

 

    കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക -സാംസ്‌കാരിക സംഗമ വേദിയായ സംസ്ഥാന കേരളോത്സവം ഡിസംബര്‍ 26 മുതല്‍ 29 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു.കേരളോത്സവത്തിന്റെ ഉദ്ഘാടനം  ഡിസംബര്‍ 26-ന് വൈകുന്നേരം 6.30ന് ടാഗോര്‍ തിയേറ്ററില്‍ വ്യവസായ യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. 59 കലാമത്സരങ്ങളും 43 കായിക മത്സരങ്ങളുമാണ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 6500 ഓളം പ്രതിഭകള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

    ആര്‍ട്‌സ് കോളേജ്, ടാഗോര്‍ തിയേറ്റര്‍, ഭാരത് ഭവന്‍, ശിശുക്ഷേമ സമിതി , ജവഹര്‍ ബാലഭവന്‍ എന്നിവടങ്ങളിലെ വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ക്ലബ്ബിന് 1.5 ലക്ഷം രൂപയാണ് സമ്മാനം. വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 2500 രൂപയും ലഭിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എവര്‍റോളിംഗ് ട്രോഫി നല്‍കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ നടക്കുന്ന കേരളോത്സവത്തിന്റെ 31-ാം പതിപ്പാണിത്. 
(പി.ആര്‍.പി. 1364/2019)

date