ലൈഫ് മിഷന്: ജില്ലയിലെ ആദ്യ കുടുംബ സംഗമത്തിന് തുടക്കമായി
ലൈഫ് മിഷന്:
ജില്ലയിലെ ആദ്യ കുടുംബ സംഗമത്തിന് തുടക്കമായി
-സ്വപ്ന സാക്ഷാത്കാര നിറവില്‍ ലൈഫ് കുടുംബങ്ങള്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്കായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഒത്തുചേരലിന്റേയും ആഘോഷത്തിന്റേയും വേദിയായി. 'ലൈഫ്' എന്ന വലിയ കുടക്കീഴില് ഒത്തുചേര്‍ന്ന എല്ലാവരും സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവിലായിരുന്നു. കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഓരോ അംഗത്തിന്റേയും മുഖത്ത് ആ സന്തോഷം പ്രകടമായിരുന്നു. സംസ്ഥാന തലത്തില്‍ ലൈഫ് മിഷന് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് മുന്നോടിയായാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കുടുംബ സംഗമം നടത്തുന്നത്. ജില്ലയിലെ ആദ്യ കുടുംബ സംഗമമായിരുന്നു ആര്യാട് ബ്ലോക്കിലേത്.
മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് എന്നീ ഗ്രാമപഞ്ചായത്തുകളിലായി 1398 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 55 കോടി 92 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലൈഫ് മിഷന്, ജില്ല- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം ഉള്‍പ്പെടെ 4 ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. 1100 വീടുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി.
കലവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന സംഗമത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളടക്കം 842 പേര് പങ്കെടുത്തു. ഇവര്‍ക്കാവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തോടെ നടത്തിയ അദാലത്ത് ഗുണഭോക്താക്കള്‍ക്ക് സഹായകമായി.
കുടുംബ സംഗമം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. സ്വന്തമായൊരു വീടെന്ന സ്വപ്ന സാക്ഷാത്കാരത്തില്‍ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ലൈഫ് മിഷന് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്നു എംപി പറഞ്ഞു. എല്ലാവര്ക്കും വീട് എന്നത് വലിയൊരു മുന്നേറ്റമാണ്. കേരളത്തിന്റെ വളര്‍ച്ചക്ക് ലൈഫ് മിഷന് പോലെയുള്ള കര്‍മ പദ്ധതികളാണ് അവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്. രജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.എസ്. സന്തോഷ്, ജയലാല്‍, കവിത ഹരിദാസ്, ഇന്ദിര തിലകന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. സ്നേഹജന്, ബ്ലോക്ക് പഞ്ചായത്തംഗം ജയന് തോമസ്, ജില്ല ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ലൈഫ് മിഷന് ജില്ല കോര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.
- Log in to post comments