പുതുവര്‍ഷം മുതല്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിന് നിരോധനം: പൊതു ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ
ആലപ്പുഴ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉല്‍പ്പാദനം, കൊണ്ടുപോകല്‍, വില്‍പ്പന, സുക്ഷിക്കല്‍ എന്നിവ ജനവരി ഒന്നുമുതൽ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ജില്ലയിലുടനീളം ഇവ പാലിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന് പൊതുജനങ്ങളുടെ സഹകരണം ജില്ലാ കലക്ടർ എം അഞ്ജന അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ വരുംദിവസങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്താനും ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
ജനുവരി ഒന്ന് മുതലാണ് നിരോധനം. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ്‌സ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന), പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മൊക്കോള്‍, സറ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, ക്യാരി ബാഗ്, നോണ്‍ വൂവണ്‍ ബാഗ്, പ്ലാസ്റ്റിക് ഫ്‌ളാഗ്, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, കുടിക്കാനുള്ള പി.ഇ.റ്റി/പി.ഇ.റ്റി.ഇ. ബോട്ടിലുകള്‍ (500എംഎല്‍ കപ്പാസിറ്റിക്ക് താഴെ), ഗാര്‍ബേജ് ബാഗ് (പ്ലാസ്റ്റിക്), പി.വി.സി. ഫ്‌ളക്‌സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ് എന്നിവയാണ് നിരോധിച്ചത്. പ്ലാസ്റ്റിക് വ്യവസായത്തില്‍ കയറ്റുമതി ചെയ്യുന്നതിനായ നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍/ ഉപകരണങ്ങള്‍, കമ്പോസ്റ്റബള്‍ പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുന്‍കൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍, മുറിച്ചു വച്ചിരിക്കുന്ന മത്സ്യ മാംസാദികള്‍ എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ നിരോധിച്ചിട്ടുണ്ട്. ബ്രാൻഡഡ് പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾക്ക് എക്സ്റ്റൻഡഡ് പ്രൊഡ്യൂസേഴ്സ് റെസ്പോണ്സിബിലിറ്റി ബാധകമാണ്.
- Log in to post comments