ലൈഫ്മിഷന് അദാലത്തും കുടുംബ സംഗമവും തൊടുപുഴയില്‍ സംഘാടക സമിതി
സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിവരുന്ന ലൈഫ്മിഷന്റെ ഗുണഭോക്താക്കളുടെ തൊടുപുഴ ബ്ലോക്ക് തല സംഗമവും അദാലത്തും അടുത്ത മാസം നടത്തും. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.
പി ജെ ജോസഫ് എംഎല്‍എ രക്ഷാധികാരിയായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായുള്ള വിപുലമായ സംഘാടക സമിതിക്കു രൂപം നല്കി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ ഉപസമിതികളും രൂപീകരിച്ചു.യോഗത്തില്‍ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൗജമോള്‍ പി. കോയ പരിപാടികള്‍ വിശദീകരിച്ചു. മുട്ടം, ഇടവെട്ടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുട്ടിയമ്മ മൈക്കിള്‍, ലത്തീഫ് മുഹമ്മദ്, ബിന്ദു ബിനു, വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, ജോയിന്റ് ബി ഡി ഒ ഇ. വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ജനുവരി 15ന് മുമ്പ് നടത്തുന്ന അദാലത്തിന്റെയും കുടുംബ സംഗമത്തിന്റെയും വേദി ഉടന്‍ തീരുമാനിക്കും.രാവിലെ 10ന് ഉദ്ഘാടനം. 11 ന് അദാലത്ത്. അദാലത്തില്‍ ഗുണഭോക്താക്കളുടെ തീര്‍പ്പാകാത്ത വിഷയങ്ങള്‍ പരിഗണിച്ച് പരമാവധി അന്നു തന്നെ തീര്‍പ്പാക്കും.
പരിപാടിയിലേക്ക് ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കും. അദാലത്തിന്റെ ഭാഗമായി 20 സര്‍ക്കാര്‍ വകുപ്പുകള്‍ പ്രത്യേക സ്റ്റാളുകളിലൂടെ സേവനങ്ങള്‍ നല്‍കും. ആധാര്‍ തിരുത്തല്‍, ഇലക്ഷന് വോട്ടര്‍ ഐഡി, ബാങ്ക് അക്കൗണ്ട് തുറക്കല്‍, റേഷന്‍കാര്‍ഡ്, ഉജ്വല്‍ പാചകവാതക കണക്ഷന് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കും.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ലൈഫ് മിഷന് കീഴില്‍ 259 വീടുകള്‍ പൂര്‍ത്തിയായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് , കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐടി വകുപ്പ്, ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ് , പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസനം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ വിഭാഗങ്ങള്‍ പരിപാടിയില്‍ സേവനങ്ങള്‍ നല്‍കും
- Log in to post comments