കടാശ്വാസം: ഇടുക്കിയ്ക്കു പ്രത്യേക പരിഗണന വേണമെന്ന് എം പി
കാര്‍ഷിക, വിദ്യാഭ്യാസ വായ്പയുടെ കാര്യങ്ങളില്‍ ഇടുക്കിയ്ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.
തൊടുപുഴ പേള്‍ റീജന്‍സിയില്‍ ജില്ലാതല ബാങ്കിംഗ് അര്‍ധവാര്‍ഷിക അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് ജില്ലകളെപ്പോലെയല്ല ഇടുക്കി. ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ജില്ലയാണിത്. ഒരു വര്‍ഷം മുമ്പ് ഉണ്ടായ പ്രളയം ജില്ലയെ കാര്യമായി ബാധിച്ചു. പതിനായിരത്തോളം ഹെക്ടറിലെ കൃഷി നശിച്ചു. ഭാവിയിലേക്കുള്ള ഉപജീവന മാര്‍ഗമാണ് ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തില്‍ മറ്റ് മേഖലയോടു കാണിക്കുന്ന തരത്തിലുള്ള ഉദാരമായ സമീപനമാണ് കാര്‍ഷിക മേഖലയ്ക്കും വേണ്ടത്. വായ്പ, മൊറട്ടോറിയം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടത്ര ബോധവത്കരണം നടത്തണം. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ കുറെക്കൂടി ഉദാരമായ സമീപനം വേണം. വളരെ കഷ്ടപ്പെട്ട് യാത്ര ചെയ്താണ് ഇവിടത്തെ കുട്ടികള്‍ പഠിക്കുന്നത്. നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചതിക്കുഴിയില്‍ പെടാതിരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഒരേ വായ്പാ അനുവദിക്കുന്നതിന് ജില്ലകളില്‍ പലതരത്തിലുള്ള ചട്ടങ്ങള്‍ എന്നത് അംഗീകരിക്കാനാവില്ലെന്നും എം പി പറഞ്ഞു.
ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ (ഫിനാന്‍ഷ്യല്‍ ) പ്രദീപ് കുമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
നഴ്സിംഗ് വിദ്യാഭ്യാസം സംബന്ധിച്ച് ജനുവരി മുതല്‍ സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ ജി.രാജഗോപാലന്‍ അറിയിച്ചു.
യോഗത്തില്‍ യൂണിയന്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ വേദ പ്രകാശ് അറോറ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് തൊടുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകുമാര്‍ അധ്യക്ഷനായിരുന്നു. റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) പ്രവീണ്‍ കുമാര്‍, റിസര്‍വ് ബാങ്ക് ലീഡ് മാനേജര്‍ സെലിസാമ്മ ജോസഫ്, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments