Skip to main content

പ്രളയം: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 43.92കോടി രൂപ അനുവദിച്ചു

ആലപ്പുഴ: 2018 ലെ പ്രളയം സാരമായി ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക വിഹിതം അനുവദിച്ച് സർക്കാർ ഉത്തരവായി. 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തില്‍ 250 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വികസന ഫണ്ടിൽ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സർക്കാരുകൾക്ക് 15% തുക നീക്കി വച്ച് ബാക്കി തുകയായി 212.50 കോടി രൂപയാണ് സംസ്ഥാനത്ത് സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ 51 ഗ്രാമ പഞ്ചായത്തുകൾക്കും 5 നഗരസഭകൾക്കും കൂടി 439208000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. 51 ഗ്രാമപഞ്ചായത്തുകൾക്ക് പൊതുവിഭാഗത്തിൽ 322466000രൂപയും എസ് സി പി വിഭാഗത്തിൽ 62802000 രൂപയും ടി എസ് പി വിഭാഗത്തിൽ 1306000രൂപയുമാണ് അനുവദിച്ചിട്ടുള്ളത് . 51 പഞ്ചായത്തുകള്‍ക്കായി ആകെ 386574000 രൂപയാണ് ലഭിക്കുക. അഞ്ചു നഗരസഭകൾക്കായി പൊതുവിഭാഗത്തിൽ 45291000രൂപയും എസ് സി പി വിഭാഗത്തിൽ 7008000രൂപയും റ്റി.എസ്.പിയില്‍ 335000രൂപയും അനുവദിച്ചിട്ടുണ്ട്. ഈ നഗരസഭകൾക്കായി 52634000 രൂപയാണ് ലഭിക്കുക.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുക വിനിയോഗിക്കുന്നതിനായി അവലംബിക്കേണ്ട മാർഗ്ഗരേഖയും ഇറക്കി. പ്രകൃതി ദുരന്തത്താൽ പ്രത്യക്ഷമായോ പരോക്ഷമായോ ജീവനോപാധി മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ വേണം ഏറ്റെടുക്കേണ്ടത്. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം,മത്സ്യബന്ധനം, ചെറുകിട വ്യവസായം, തൊഴിൽ സംരംഭങ്ങൾ എന്നീ

മേഖലകളിൽ ഗുണഭോക്താക്കൾ താൽപര്യപ്പെടുന്നതും അനുയോജ്യവുമായ ഉപജീവന മാർഗങ്ങൾ ആയിരിക്കണം പ്രോജക്ടുകളായി വരേണ്ടത്. പ്രകൃതി ദുരന്തത്തിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവനമാർഗ്ഗങ്ങൾ ഉണ്ടാക്കുന്നതിനുളള പ്രോജക്ടുുകൾ തയ്യാറാക്കുന്നതിനാണ് മുഖ്യലക്ഷ്യമെങ്കിലും വിഹിതം ബാക്കിയുണ്ടെങ്കിൽ ഉപജീവന മാർഗ്ഗങ്ങൾക്ക് ധനസഹായം ആവശ്യമായവരെയും പരിഗണിക്കാം. കുടുംബശ്രീ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന പ്രത്യേക ഉപജീവനോപാധി പാക്കേജുമായി സംയോജിപ്പിച്ച് പ്രോജക്ടുകള്‍ തയ്യാറാക്കാവുന്നതാണ്. പദ്ധതികളുടെ അന്തിമരൂപം നൽകുന്നത് തദ്ദേശ സ്വയംഭരണ തലത്തിലാണ്. വ്യക്തിഗതവും ഗ്രൂപ്പ് അധിഷ്ഠിതമായ പദ്ധതികള്‍ക്കും രൂപം നല്‍കാം. വിവിധ വകുപ്പുകളില്‍ നിന്നും ആനുകൂല്യം ലഭിച്ചവരെ ഒഴിവാക്കി ഇരട്ടിപ്പും ദുർവ്യയവും ഒഴിവാക്കേണ്ടതാണ്. പ്രത്യേക തുകയ്ക്ക് മേഖലാ നിബന്ധനകള്‍ ബാധകമല്ല.

 

പ്രകൃതി ദുരന്തത്താല്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സബ്സിഡി മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള യൂണിറ്റ് കോസ്ററിന്റെ 100 ശതമാനം വരെ സബ്സിഡി അനുവദിക്കാവുന്നതും മറ്റുള്ളവര്‍ക്ക് നിലവിലുള്ള സബ്സിഡി മാര്‍ഗ്ഗ രേഖയിലെ അനുവദനീയമായ സബ്സിഡി നല്‍കാവുന്നതുമാണ്.

ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നവീകരണം, പുതിയ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍, പ്രളയത്തില്‍ തകര്‍ന്നതോ കേടുപാടുകള്‍ പറ്റിയതോ ആയ പൊതു ആസ്തികളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും പ്രകൃതി ദുരന്തത്തില്‍ നശിച്ച ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മാണം തുടങ്ങിയുള്ള ജീവനോപാധി ഇതര പരിപാടികളും ഏറ്റെടുക്കാവുന്നതാണ്. മാര്‍ഗ്ഗ രേഖ പ്രകാരം തയ്യാറാക്കുന്ന പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. വെറ്റിങ് നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി നാലിന് മുമ്പ് പദ്ധികള്‍ ജില്ല ആസൂത്രണ സമിതി മുമ്പാകെ ലഭ്യമാക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

 

അരൂക്കുറ്റി, ചേന്നംപള്ളിപ്പുുറം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, വയലാര്‍, തുറവൂര്‍, കോടംതുരുത്ത്, അരൂര്‍, തണ്ണീര്‍മുക്കം, ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, പുറക്കാട്, അമ്പലപ്പുുഴ സൗത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, തലവടി, എടത്വ,തകഴി, നെടുമുടി, ചമ്പക്കുളം കൈനകരി, മുട്ടാര്‍, വെളിയനാട്, നീലംപേരൂര്‍,കാവാലം, പുളിങ്കുന്ന്, രാമങ്കരി, മുളക്കുഴ, വെണ്‍മണി, ചെറിയനാട്, ആല, പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍,കുമാരപുരം, കരുവാറ്റ, പള്ളിപ്പാട്, ചെറുതന,വീയപുരം, മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ, തഴക്കര, മാന്നാര്‍, നൂറനാട്, പത്തിയൂര്‍, ചേപ്പാട്, ആറാട്ടുപുഴ, കൃഷ്ണപുരം പഞ്ചായത്തുകള്‍ക്കാണ് പ്രത്യേക സഹായം അനുവദിച്ചത്. ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് നഗരസഭകള്‍ക്കും പണം അനുവദിച്ചു.

 

date