ആര്‍ദ്രം പദ്ധതി: രണ്ടാം ഘട്ടത്തിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനത്തിന് ഒരുങ്ങി
ആലപ്പുഴ: ജില്ലയില്‍ രണ്ടാം ഘട്ട ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘടനത്തിനൊരുങ്ങി. രണ്ടാം ഘട്ടത്തില്‍ 40 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തയ്യാറാവുന്നത്. പുറക്കാട്, വീയപുരം, പാണാവള്ളി, പെരുമ്പളം തുടങ്ങിയ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് തയ്യാറായിട്ടുള്ളത്. വീയപുരം കുടുംബാരോഗ്യ കേന്ദ്രം ഇതിനോടകം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആരോഗ്യ രംഗത്തെ രോഗീ സൗഹൃദമാക്കുന്നതിനും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജനകീയ ആരോഗ്യ പദ്ധതിയായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചത്. നിലവിലുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 54ആയി ഉയരും. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 14 ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. അതില്‍ 9 സ്ഥാപനങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നു. ആറാട്ടുപുഴ, ആല, പള്ളിപ്പുറം തുടങ്ങിയ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. തദ്ദേശസ്ഥാപനങ്ങളുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിലേയും അംഗങ്ങളുടെ രോഗവിവരങ്ങളെക്കുറിച്ച് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഒപിയിലെ തിരക്ക് കുറയ്ക്കുന്നതിനായി ആധുനികവത്ക്കരിച്ച രജിസ്‌ട്രേഷന്‍, ലബോറട്ടറികള്‍, ടോക്കണ്‍ സംവിധാനം, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, അംഗപരിമിതര്‍ക്കായുള്ള ശുചിമുറി, കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ളം, സൂചനാ ബോര്‍ഡുകള്‍, മുലയൂട്ടല്‍ മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. മാതൃ-ശിശു ആരോഗ്യ സംരക്ഷണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗ ചികിത്സ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാകും. ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ സമ്പൂര്‍ണ ആരോഗ്യ സുരക്ഷയാണ് ലക്ഷ്യമിടുന്നത്.
- Log in to post comments