പ്രവാസജീവിതങ്ങളുടെ നേര്‍ച്ചിത്രമായി 'പ്രവാസക്കാഴ്ച'
ലോകകേരള സഭയോട് അനുബന്ധിച്ചു മീഡിയ അക്കാദമിയും നോര്‍ക്കയും സംയുക്തമായി ഒരുക്കിയ 'പ്രവാസക്കാഴ്ച' മള്‍ട്ടീമീഡിയ ഫോട്ടോപ്രദര്‍ശനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ആരംഭിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്തത്. പുതുതായി വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരം പ്രദര്‍ശനങ്ങള്‍ പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു.
പ്രവാസജീവിതങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കുന്ന ഒട്ടനവധി ഫോട്ടോഗ്രാഫുകളും ഡിജിറ്റല്‍ ക്യാരിക്ക്യേചറുകളും മറ്റ് രേഖകളും ഉള്‍പ്പടെ ഏകദേശം 120 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. സരസ്വതി ചക്രവര്‍ത്തി, രവി രവീന്ദ്രന്‍, ബി.മുസ്തഫ ,എ.കെ ബിജുരാജ് തുടങ്ങി മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്റെ മുഖ്യാകര്‍ഷണം.
നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ എ.എം. ഹസ്സന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, എന്‍. അശോകന്‍, സുനില്‍ ട്രൈസ്റ്റര്‍, ഷാജു ജോണ്‍, ലീന്‍ ബി. തോബിയാസ് എന്നിവരും സന്നിഹിതരായിരുന്നു. ദി ഹിന്ദു ഡെപ്യൂട്ടി ഫോട്ടോഗ്രഫി എഡിറ്റര്‍ ഷാജു ജോണ്‍ 'ഫോട്ടോയും ജീവിതവും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും ഒരു ഫോട്ടോ സ്റ്റോറി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന 'പ്രവാസിക്കാഴ്ച്ച' ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലിരുന്നും ഓണ്‍ലൈന്‍ ആയി ഈ പ്രദര്‍ശനം കാണാവുന്ന വിര്‍ച്വല്‍ റിയാലിറ്റി സങ്കേതവും ഈ പ്രദര്‍ശനവുമായി ബന്ധപെട്ടു ഒരുക്കിയിട്ടുണ്ട്.
(പി.ആര്‍.പി. 1374/2019)
- Log in to post comments