Skip to main content

തണ്ണീര്‍മുക്കം പഞ്ചായത്തിന്‍റെ വികസനോത്സവത്തിന് നാളെ തുടക്കം

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നടത്തുന്ന 'വികസനോത്സവം 2020'ന് നാളെ ( ജനുവരി 1ന് ) തുടക്കമാകും. ഒരു മാസത്തെ വികസന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. വെള്ള്യാകുളം എന്‍.എസ്.എസ് കരയോഗം ഹാളില്‍ വൈകിട്ട് 3ന് നടക്കുന്ന പരിപാടി അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് ജ്യോതിസ് അധ്യക്ഷത വഹിക്കും.
വികസനോത്സവത്തിന്റെ ഭാഗമായി അര ലക്ഷം വൃക്ഷ തൈകള്‍ വിതരണം ചെയ്യും. പുനര്‍ജനി, ഹരിതം തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് വൃക്ഷ തൈകള്‍ വിതരണം ചെയ്യുന്നത്. കപ്പ, വാഴ, തെങ്ങിന്‍ തൈ ഉള്‍പ്പെടെ ഒരു വീടിന് 50 പച്ചക്കറി തൈകള്‍ വീതം നല്‍കും. ഇതിനായി കുടുംബ ശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 6 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ നടക്കും. ജനുവരി മൂന്നിന് വൈകിട്ട് മൂന്നു മണിക്ക് കക്ക പുനരുജ്ജിവന പദ്ധതിക്കും തുടക്കം കുറിയിക്കും. ഇതിന്റെ ഭാഗമായി 5 ലക്ഷത്തോളം കക്ക കുഞ്ഞുങ്ങളെ വേമ്പനാട്ടു കായലില്‍ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഭിന്നശേഷിക്കാരുടെ കലാമേള, കൊയിത്തുത്സവം, തോടുകളുടെ പുനരുജ്ജീവന പദ്ധതി, മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ പരിപാലന പരിപാടി, വെമ്പനാട്ട് കായല്‍ ശുചീകരണം, ദുരന്ത കര്‍മ സേന രൂപീകരണം തുടങ്ങി വിവിധ പദ്ധതികള്‍ വികസനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
പഞ്ചായത്തിന്റെ 23 വാര്‍ഡിലെ യൂത്ത് ക്ലബുകള്‍ക്ക് സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കും. പേപ്പര്‍ രഹിത പഞ്ചായത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ നല്‍കുന്നത്. ബിഎസ്എന്‍എലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലബുകള്‍ക്ക് സൗജന്യ സ്‌പോര്‍ട്‌സ് കിറ്റും വികസനോത്സവത്തിന്റെ ഭാഗമായി നല്‍കും. വിവിധ വകുപ്പുകള്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

date