Skip to main content

ലൈഫ് മിഷന്‍ യോഗം ഇന്ന് 

ലൈഫ് മിഷന്‍ യോഗം ഇന്ന് 

 

 

ലൈഫ് മിഷന്‍ മുഖേന സംസ്ഥാനതലത്തില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും കോര്‍പ്പറേഷന്‍, ജില്ലാതല സംഗമങ്ങളും അദാലത്തും ജനുവരി 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതിന് മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ജില്ലാതല സംഗമങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും ജില്ലാതല സംഗമത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും ഉപസമിതികളും രൂപീകരിക്കുന്നതിനുമായി യോഗം ചേരും. ഇന്ന് (ഡിസംബര്‍ 31) രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തൊഴില്‍ എക്‌സെസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം. 

 

 

പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഇന്ന് 

 

 

ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ഉത്പന്ന പ്രദര്‍ശന വിപണന മേള ഇന്ന് (ഡിസംബര്‍ 31) നടത്തും. കണ്ടംകുളം  ജൂബിലി ഹാളില്‍ രാവിലെ 9.30 ന് നടക്കുന്ന മേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുബശ്രീ യൂണിറ്റുകള്‍, സ്വയംസംരഭക ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ ഏഴ് മണി വരെയാണ് പ്രദര്‍ശനം. പ്രകൃതി  സൗഹൃദ വസ്തുക്കളുടെ പുതിയ യൂണിറ്റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9497291445. 

 

 

അംഗത്വം പുനസ്ഥാപിക്കാം 

 

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി മൂന്നാം തവണയും കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായ തയ്യല്‍തൊഴിലാളികള്‍ക്ക് ജില്ലാ ഓഫീസില്‍ നേരിട്ട് എത്തി അംഗത്വം പുന:സ്ഥാപിക്കാം. റിട്ടയര്‍മെന്റ് തീയതി പൂര്‍ത്തിയാകാത്തവര്‍ക്കാണ് അവസരം. 2020 ജൂണ്‍ 27 വരെ അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

 

 

 

ഇന്‍സ്ട്രക്ടര്‍: കൂടിക്കാഴ്ച 3 ന്

 

 

പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേള, നിലേശ്വരം, ചെറുവത്തൂര്‍ (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചീറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്), വരവൂര്‍, എരുമപ്പെട്ടി, ഹെര്‍ബര്‍ട്ട് നഗര്‍, വി.ആര്‍ പുരം, നടത്തറ, എടത്തിരുത്തി, പുല്ലൂറ്റ്, എങ്കക്കാട്, മായന്നൂര്‍ (തൃശ്ശൂര്‍) എന്നീ ഐ.ടി.ഐ കളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഒഴിവിലേക്ക് എലത്തൂര്‍ ഗവ.ഐ.ടി.ഐ യില്‍ 2020 ജനുവരി മൂന്നിന് രാവിലെ ഒന്‍പത് മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോട് കൂടി എം.ബി.എ/ബി.ബി.എ,  അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പരിചയത്തോട് കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്കണോമിക്സ് എന്നിവയില്‍ ബിരുദമോ അല്ലെങ്കില്‍ ഡിഗ്രി/ഡിപ്ലോമയും, ഐ.ടി.ഐ കളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധമാണ്. വേതനം 24,000 രൂപ. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എത്തുക. ഫോണ്‍ 0495 2461898.

 

 

ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി (ആറ് മാസം) കോഴ്സിന്റെ ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  മിനിമം യോഗ്യത പത്താം ക്ലാസ്സ്. താത്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് 8301098705.

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

 

മേലടി ബ്ലോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണം എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി ഒന്നിന് (2020 ജനുവരി 1) ഉച്ചയ്ക്ക് 1 മണി വരെ. ഫോണ്‍ 0496 2602031.

 

 

കാര്‍ഷിക ഉപകരണങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു

 

 

ഹരിത കേരളം മിഷന്‍ ഹരിതസമൃദ്ധി 2019 ന്റെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് തുടങ്ങി. പദ്ധതിയുടെ വിതരണോദ്ഘാടനം പന്തലായനി കലാസമിതി പരിസരത്ത് നഗരസഭ ചെയര്‍മാന്‍  അഡ്വ. കെ സത്യന്‍ നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭ,  കൃഷിഭവന്‍,  ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് പന്തലായനി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും വളങ്ങളും വിതരണം ചെയ്യുകയും കര്‍ഷകരെ ആദരിക്കുകയും ചെയ്തു.

 

നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, കൗണ്‍സിലര്‍മാരായ പി.കെ. രാമദാസന്‍, എം. സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ ശുഭ, ടി.കെ. ചന്ദ്രന്‍, പി. ചന്ദ്രശേഖരന്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സന്‍ എം.പി. നിരഞ്ജന, എം. റീന, കൃഷി അസി. നവ്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

date