Skip to main content

ചായ്യോത്ത് വിജ്ഞാന്‍വാടിക്ക് പുതിയ  കെട്ടിടമൊരുങ്ങുന്നു

പട്ടികജാതി വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും അറിവ് പരിപോഷിപ്പിക്കുന്നതിനും വിവിധ മത്സര പരിക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന പട്ടികജാതി വകുപ്പ് വിഭാവനം ചെയ്ത വിജ്ഞാന്‍വാടിക്ക് പരപ്പ ബ്ലോക്കില്‍ സ്വന്തം കെട്ടിടം ഒരുങ്ങുന്നു. നിലവില്‍ വാടക കെട്ടിടത്തിലാണ് പരപ്പ ബ്ലോക്കിലെ ഏക വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കുന്നത്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയില്‍ പട്ടികജാതി വകുപ്പിന്റെ അംബേദ്കര്‍ഗ്രാമം പദ്ധതിയിലൂടെയാണ് വിജ്ഞാന്‍വാടിക്കായി കെട്ടിടം നിര്‍മ്മിക്കുന്നത്.് ജില്ലയിലെ ആദ്യകാല വിജ്ഞാന്‍വാടികളിലൊന്നാണ് ഇത്.അവസാന ഘട്ട നിര്‍മ്മാണ പ്രവൃത്തിയിലുള്ള കെട്ടിടം 2020 മാര്‍ച്ചിനകം ഉദ്ഘാടനം ചെയ്യനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരപ്പ ബ്ലോക്ക് പട്ടികജാതി ക്ഷേമ ഓഫീസര്‍ കെ അസൈനാര്‍ പറഞ്ഞു .ചായ്യോത്തെ വിജ്ഞാന്‍വാടി കൂടാതെ കാസര്‍കോട് ജില്ലയില്‍ നാലു വിജ്ഞാന്‍വാടികളാണ് ഉള്ളത്. 664225 രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്. ചെങ്കള പഞ്ചായത്തില്‍ കെ കെ പുറം , കുമ്പള പഞ്ചായത്തില്‍  കിദൂര്‍ കുണ്ടങ്ങാരടുക്ക, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ പെര്‍ണടുക്ക, ബദിയടുക്ക പഞ്ചായത്തില്‍ പെര്‍ണയടുക്ക എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റു വിജ്ഞാന്‍വാടികളുള്ളത്.

അറിവ് പകരാന്‍ വിജ്ഞാന്‍വാടികള്‍

പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടാണ് പട്ടികജാതി വകുപ്പ്  'വിജ്ഞാന്‍വാടി'കള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പൊതുവിജ്ഞാനം പകരുന്നതിനും ഇവരെ വിവിധ മത്സര പരിക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനും വേണ്ടി വിവിധ പ്രവര്‍ത്തനങ്ങളാണ് വിജ്ഞാന്‍വാടികള്‍ വഴി നടക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനിയോട് അനുബന്ധിച്ച് സ്ഥാപിച്ച വിജ്ഞാന്‍വാടികളില്‍ അറിവ് പരിപോഷിപ്പിക്കുന്നതിനായി ട്യൂട്ടര്‍മാരുടെ സേവനവും ഇംഗ്ലീഷ് - മലയാളം ആനുകാലികങ്ങളും പുസ്തകങ്ങളും ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടറും ലഭ്യമാണ്. മത്സര പരീക്ഷക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള അറിയുന്നതിനും ട്യൂട്ടര്‍മാര്‍ സഹായിക്കും. പ്രവൃത്തി ദിവസങ്ങളില്‍  വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയും അവധി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെയുമാണ്  ട്യൂട്ടര്‍മാരുടെ സേവനം ലഭിക്കുക.ഉദ്യോഗാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും വിജ്ഞാന്‍വാടികള്‍ വഴി നല്‍കുന്നു.മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി യുവാക്കള്‍ക്കിടയില്‍ കൂട്ടായ്മ രൂപപ്പെടുത്താനും വിജ്ഞാന്‍വാടി സഹായമായതായി പട്ടികജാതി വകുപ്പ് അധികൃതര്‍ പറയുന്നു.

date