Skip to main content

സംസ്ഥാന കലോത്സവത്തില്‍ ഹാട്രിക് വിജയം നേടിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആദരം

തുടര്‍ച്ചയായ മൂന്നാം തവണയും കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കാസര്‍കോടെ കലാകാരിമാര്‍ക്ക് ജില്ലാ മിഷന്റെ നേതൃത്വത്തില്‍  ആദരം പരിപാടി സംഘടിപ്പിച്ചു.. നവംബര്‍ ഒന്ന്, രണ്ട് മൂന്ന് തീയ്യതികളില്‍ പാലക്കാട് നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ മുപ്പത് മാര്‍ക്കിന് കണ്ണൂര്‍  ജില്ലയെ പിന്‍തള്ളിയാണ് കാസര്‍കോട് മൂന്നാം തവണയും ചാന്വ്യന്‍് ട്രോഫി സ്വന്തമാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കലോത്സവം സംഘടിപ്പിച്ച്  തുടങ്ങിയ 2017 മുതല്‍ കാസര്‍കോടിനാണ് ഓവറോള്‍ ചാമ്പന്‍ഷിപ്പ്. ചിട്ടയായ പരിശീലനത്തിലൂടെയും ഏകോപനത്തിലൂടെയും ജില്ലയുടെ തലയെടുപ്പ് വര്‍ധിപ്പിച്ച കലാകാരികള്‍ അനുഭവങ്ങള്‍ വിവരിച്ചു. കലയുടെയും ഭാഷയുടെയും സംഗമ ഭൂമിയിയിലേക്ക് കലാ കിരീടത്തെ വീണ്ടെടുത്ത സന്തോഷത്തിലായിരുന്നു, ഓരോരുത്തരും. പ്രായഭേദമില്ലാതെ തങ്ങള്‍ക്കായി ഒരുക്കിയ ആദരത്തില്‍ കൈയ്മെയ് മറന്ന് അവര്‍ ആടിപ്പാടി. മാര്‍ഗ്ഗം കളിയും സംഘനൃത്തവും മിമിക്രിയും മാപ്പിള ഗാനവും വിപ്ലവ ഗാനവും കവിതാലാപനവും തുടങ്ങി സമഗ്ര മേഖലയിലും കഴിവ് തെളിയിച്ച അംഗനമാര്‍ ടൗണ്‍ഹാളില്‍ സര്‍ഗ വസന്തം തീര്‍ത്തു. കുടുംബശ്രീ ജില്ലാമിഷന്‍ ജീവനക്കാരുടെ സിനിമാറ്റിക് ഡാന്‍സും വട്ടപ്പാട്ടും പരിപാടിക്ക് മിഴിവേകി.

 കലയുടെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ആദരം പരിപാടി  സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെട്ടകാലത്തിനെതിരെ പൊരുതാനുള്ള മികച്ച ആയുധമാണ് കലകളെന്നും കലോത്സവ വേദികളിലെ പലരുടേയും പ്രകടനങ്ങള്‍ പ്രൊഫഷണലുകളേയും വെല്ലുന്ന തരത്തിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഉണ്ണിരാജ് പറഞ്ഞു. ജില്ലാ മിഷന്റേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഹാട്രിക് വിജയമെന്നും ഉണ്ണിരാജ് പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എ.ഡി.എം.സി സി. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ കലാകാരിമാരുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറി. കലാ മേളങ്ങള്‍ നിറഞ്ഞ സദസ്സില്‍ പുതു വത്സരത്തെ വരവേറ്റ് കേക്ക് മുറിച്ചു.

സമ്മാനദാന ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി.  ജില്ലാ കളക്ടര്‍ ഡി സജിത് ബാബു സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഓവറോള്‍ ട്രോഫി കുടുംബശ്രീയ്ക്ക് സമ്മാനിച്ചു. ആമസോണിന്റെ പ്ലാറ്റ്ഫോം വരെ കുടുംബശ്രീയ്ക്കായി തുറന്നുക്കപ്പെടുന്ന കാഴ്ചയാണ് ഏറ്റവും പുതിയതായി കുടുംബശ്രീ മേഖലയില്‍ കാണുന്നത്. കുടുംബശ്രീ വീണ്ടും മാറുകയാണ്. വേറിട്ട മേഖലകളിലേക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തുകയാണ്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ അത് നേട്ിയെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മുതല്‍ ഒരുമണി വരെ കാസര്‍കോടെ മൂന്ന് കേന്ദ്രങ്ങളിലെ ഒന്‍പത് സ്ഥലങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി നടത്തം നടന്ന് മാതൃകയായി. ഒന്‍പത് മണിക്ക് പോലും നിരത്തിലിറങ്ങാന്‍ ബുദ്ധിമുട്ടിയ അവസ്ഥയില്‍ നിന്ന് അവര്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആ മാറ്റത്തിന്റെ ഒരു ഘടകം കുടുംബശ്രീകൂടിയാണെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എ.ഡി.എം.സിമാരായ പ്രകാശന്‍ പാലായി, ജോസഫ് പെരികില്‍, സി. ഹരിദാസന്‍, ഡി. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date