Skip to main content

വിവരാവകാശ അപേക്ഷയില്‍ അമിത ഫീസ് ഈടാക്കരുത്: കമ്മീഷണര്‍

വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ക്ക് അമിതഫീസ് ഈടാക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍. വിവരാവകാശ അപേക്ഷ പ്രകാരമുള്ള രേഖകള്‍ക്ക് റവന്യൂ വകുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഫീസ് വാങ്ങുന്നത് ശരിയല്ലെന്നും രേഖകള്‍ക്ക് പേജ് ഒന്നിന് (എ4 സൈസ്) രണ്ട് രൂപ പ്രകാരം മാത്രമേ ഈടാക്കാവൂയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിവരാവകാശ അപേക്ഷയില്‍ അന്യായമായി ഫീസ് വാങ്ങുന്ന കേസുകള്‍ ആവര്‍ത്തിച്ചുവരുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ്, താലൂക്ക്്, രജിസ്ട്രാര്‍ ഓഫീസുകളെ സംബന്ധിച്ചാണ് ഇത്തരത്തില്‍ പരാതികള്‍ കൂടുതലും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലായിരുന്നു കമ്മീഷണറുടെ പ്രതികരണം.
ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശത്തോടെ വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്റെ പക്കലുള്ള വിവരങ്ങളും രേഖകളും മാത്രമാണ് അപേക്ഷകന് ആവശ്യപ്പെടാന്‍ സാധിക്കുകയെന്നും അനാവശ്യമായ വിവരങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് അപേക്ഷകര്‍ പിന്തിരിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ നിന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 16 വര്‍ഷം മുമ്പുള്ള രേഖകള്‍ ആവശ്യപ്പെട്ട അപേക്ഷ പരിഗണിക്കവെയാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് പരാതി കാണുന്നില്ലെന്ന മറുപടി നല്‍കുന്നത് ശരിയായ രീതിയല്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇത്തരം സമീപനം സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറ്റിംഗില്‍ എട്ട് കേസുകള്‍ കമ്മീഷന്‍ പരിഗണിച്ചു.

date