Skip to main content
പ്രകൃതിയെയും മനുഷ്യനെയും കോര്‍ത്തിണക്കി വാര്‍ലി ചിത്രങ്ങള്‍

പ്രകൃതിയെയും മനുഷ്യനെയും കോര്‍ത്തിണക്കി വാര്‍ലി ചിത്രങ്ങള്‍

ജ്യാമിതീയ രൂപങ്ങളില്‍ വിരിയുന്ന നേര്‍ത്ത ചങ്ങല.. അതില്‍ കൈ കോര്‍ത്തും ആടിപ്പാടിയും അനേകം മനുഷ്യ രൂപങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികളില്‍ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും വരച്ച് ചേര്‍ക്കുന്ന വാര്‍ലി ചിത്രങ്ങളുമായാണ് മഹാരാഷ്ട്ര സ്വദേശി  രാജേഷ് റെഡെ സരസ് മേളയിലെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗ്രാമീണ ചിത്രരചനാരീതികളില്‍ ഒന്നാണ് വാര്‍ലി. ഇന്ത്യയുടെ വടക്കന്‍ സഹ്യാദ്രി മേഖലയിലാണ്  ഈ ചിത്ര രൂപങ്ങളുടെ ഉറവിടം. മഹാരാഷ്ട്രയുടെ വാര്‍ലി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും ഇഴചേര്‍ന്ന പ്രാചീന ചിത്രരചന രീതിയാണിത്. പ്രകൃതിജന്യമായ നിറങ്ങള്‍ ചേര്‍ത്ത് മണ്‍ചുമരുകളില്‍ ഇവര്‍ തീര്‍ക്കുന്ന പാറ്റേണുകളില്‍ തെളിയുന്നത് പൂക്കളും മരങ്ങളും പ്രകൃതി വിഭവങ്ങളും അനുഷ്ഠാനങ്ങളും വേട്ടയാടലും ഒക്കെയാണ്.  പുതിയ കാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ലി ചിത്രങ്ങളെ ജനകീയമാക്കുകയാണ് രാജേഷ്. കൈ കൊണ്ട് തന്നെ നിര്‍മ്മിച്ച കടലാസിലും ക്യാന്‍വാസിലും തുണിത്തരങ്ങളിലും ചിത്രങ്ങള്‍ വരച്ച് മേളയില്‍ ശ്രദ്ധേയനാവുകയാണ് ഈ ചെറുപ്പക്കാരന്‍.
മണ്ണും ചാണകവും അരിപ്പൊടിയും കരിയും ഒക്കെയാണ് നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്ന് രാജേഷ് പറയുന്നു. അക്രിലിക് പെയിന്റ് ഉപയോഗിച്ച്  കവറുകള്‍, കീചെയ്‌നുകള്‍, തൂവാലകള്‍, ടീ ഷര്‍ട്ട് എന്നിവയില്‍ ആവശ്യക്കാര്‍ക്ക് സ്റ്റാളില്‍ വെച്ച് ചിത്രങ്ങള്‍ വരച്ചുനല്‍കുന്നുമുണ്ട്.
ലൈഫ് ട്രീ, ദേവ് ചൗക് തുടങ്ങി തങ്ങളുടെ ഗ്രാമത്തിന്റെ തനിമ വിളിച്ചോതുന്ന വിഷയങ്ങളിലാണ് ഓരോ ചിത്രവും ഒരുക്കിയിട്ടുള്ളത്. 350 രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് ചിത്രങ്ങളുടെ വില. പ്രകൃതിയോടും ജീവിതത്തോടും ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന  ഈ ചിത്രങ്ങള്‍ക്ക് അത്രത്തോളം വൈവിദ്ധ്യവുമുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ചുരുളുകളായി വിരിയുന്ന ചിത്രങ്ങള്‍ക്ക് പറയാനുള്ളതും  ആ കഥകള്‍ തന്നെ. പ്രകൃതിയില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ളതിനെ മാത്രം സ്വീകരിച്ച്, ലളിതമായി ജീവിച്ച്, കുഞ്ഞു സന്തോഷങ്ങളെ പോലും ആഘോഷമാക്കി മാറ്റിയ ഒരു ജനതയുടെ നേര്‍ച്ചിത്രമാണ് രാജേഷിന്റെ ഓരോ കലാസൃഷ്ടിയും.
മഹാരാഷ്ട്രയിലെ അലൊണ്ടെയില്‍ താമസിക്കുന്ന രാജേഷും ഭാര്യ രാജശ്രീയും കഴിഞ്ഞ 15 വര്‍ഷത്തോളമായി വാര്‍ലി ചിത്രരചന രംഗത്തുണ്ട്.

date