Skip to main content

ഗ്രന്ഥശാല കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു

ആലപ്പുഴ : പുറക്കാട് തരംഗം ഗ്രന്ഥശാല കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍  നിര്‍വ്വഹിച്ചു. ലോകമറിയുന്ന എഴുത്തുകാരാല്‍ സമ്പന്നമാണ് ആലപ്പുഴ. ചെറിയൊരു സംസ്ഥാനമായ കേരളം പുസ്തകങ്ങളുടെ കാര്യത്തിലും വായനയുടെ കാര്യത്തിലും മുന്‍പന്തിയിലാണെന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് എഴുതപെട്ട ഏറ്റവും വലിയ ഭരണഘടന നമ്മുടേതാണ്. അതിനാല്‍ ഭരണഘടനയെ തൊട്ടുകളിക്കുന്നത് നല്ലതല്ലെന്നും എല്ലാവരും ഇന്ത്യന്‍ ഭരണഘടന വാങ്ങി വായിക്കണമെന്നും മന്ത്രി പറഞ്ഞു.

2019-20ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4,90,000 രൂപയും അടക്കം 39,90,000 രൂപ മുതല്‍ മുടക്കിലാണ് ഇരുനില കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. തരംഗം ഗ്രന്ഥശാല പ്രസിഡന്റ് എം. കിഷോര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി അപ്പുകുട്ടന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് മായാദേവി, ജില്ല പഞ്ചായത്തംഗം എ.ആര്‍ കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

date