Skip to main content

സഹകരണ മേഖലയുടെയും കുടുംബശ്രീയുടെയും സംരംഭക സാധ്യതകള്‍ ചര്‍ച്ച ചെയ്ത് സെമിനാര്‍

സഹകരണ പ്രസ്ഥാനങ്ങള്‍ കുടുംബശ്രീയുമായി  യോജിച്ച് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന  സാധ്യതങ്ങളെകുറിച്ച് ചര്‍ച്ച ചെയ്ത് സരസ് മേളയിലെ സെമിനാര്‍. കാസര്‍ഗോഡ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ്,  കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍  ഡോ. എം സുര്‍ജിത് എന്നിവര്‍ വിഷയാവതരണം നടത്തി.
ആരോഗ്യം,  വിദ്യാഭ്യാസം,  തൊഴില്‍,  എന്നീ മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങളും കുടുംബശ്രീയും യോജിച്ചു പ്രവര്‍ത്തിച്ചാല്‍ അത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഹമ്മദ് നൗഷാദ് പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ  കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഉല്‍പാദന മേഖലയിലേക്ക് കടന്നു ചെല്ലാന്‍ കഴിയുന്നുണ്ട്. മെച്ചപ്പെട്ട സഹകരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട്  കോര്‍പറേറ്റുകളുടെ ഭീഷണി നേരിടാന്‍ സാധിക്കും. പ്രധാന ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയും സഹകരണപ്രസ്ഥാനങ്ങളും യോജിച്ചു പ്രവര്‍ത്തിച്ചാല്‍ പല മേഖലകളും സ്വയംപര്യാപ്തമാകാന്‍ കഴിയുമെന്നും  ഓരോ അയല്‍ക്കൂട്ടങ്ങളിലും ഒരു തൊഴില്‍ സംരംഭം ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ കര്‍ഷകക്ഷേമ പ്രസ്ഥാനങ്ങളും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ഐ സി എം ഡയറക്ടര്‍ എം വി ശശികുമാര്‍ പറഞ്ഞു.
കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു,  പ്രൈമറി സൊസൈറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍,  ജെയ്‌സണ്‍ തോമസ്,  അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

date