Skip to main content

വിശപ്പുരഹിത ആലപ്പുഴ : പുതിയ സാമ്പത്തിക വര്‍ഷം ആദ്യം തുടക്കമാകും

ആലപ്പുഴ: ജില്ലയില്‍ അമ്പലപ്പുഴ മുതൽ അരൂർ വരെ സമ്പൂർണ്ണ വിശപ്പുരഹിത മേഖല ആക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ കളക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ , ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക്ക് എന്നിവരാണ് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചത്.ഇപ്പോൾ പല ഏജൻസികളും സന്നദ്ധസംഘടനകളും ആരാധനാലയങ്ങളും നല്ല മനുഷ്യരും സഹായിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം നൽകുന്നുണ്ടെന്ന് ചടങ്ങിൽ പ്രാരംഭമായി സംസാരിച്ചു കൊണ്ട് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കഴിവില്ലാത്തവര്‍ക്ക് വിശക്കുമ്പോള്‍ സൗജന്യമായി ഭക്ഷണവും മറ്റുള്ളവർക്ക് സഹായവിലയ്ക്ക് ഭക്ഷണവും എത്തിക്കുക എന്നതാണ് സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻറെ പ്രാരംഭഘട്ടത്തിൽ ബജറ്റിൽ തുക ഉൾക്കൊള്ളിക്കുകയും ചെയ്തു. ജില്ലയുടെ ചില ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനകം ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയെ മുഴുവനായി വിശപ്പു രഹിത ജില്ല ആക്കുന്നതിനുള്ള പ്രാരംഭഘട്ടം എന്നനിലയിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ആദ്യം വിശപ്പുരഹിത പദ്ധതി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പുറക്കാട് മുതൽ അരൂർ വരെ വിശപ്പുരഹിത മേഖലയാക്കുന്നതിനുള്ള നടപടികൾ വകുപ്പുതലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ രണ്ടു താലൂക്കുകളിലെ വിശപ്പുരഹിത പദ്ധതി ഫെബ്രുവരിയില്‍ തുടങ്ങാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. രണ്ടു രീതിയിലാണ് വിശപ്പുരഹിത ആലപ്പുഴ പദ്ധതി നടപ്പിലാക്കുന്നത് . ഒന്ന് കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുക. മറ്റൊന്ന് മിതമായ വിലയ്ക്ക് ഭക്ഷണം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ന്യായവില ഭക്ഷണകേന്ദ്രങ്ങൾ വ്യാപിപ്പിക്കുക. ആലപ്പുഴ നഗരസഭയുമായും കുടുംബശ്രീയുമായി ചേർന്ന് ഭക്ഷ്യ വകുപ്പ് നടത്തുന്ന ന്യായവില ഹോട്ടലിൽ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.കിടപ്പുരോഗികൾക്ക് ഭക്ഷണം എത്തിക്കാനും ന്യായവില ഹോട്ടലുകൾ ആരംഭിക്കാനും സന്നദ്ധമായി വരുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. സബ്സിഡി ഇനത്തിൽ പണം നൽകുന്നതിന് പകരം അരിയും പലവ്യഞ്ജനങ്ങളും സബ്സിഡിയോടു കൂടി സപ്ലൈകോ വഴി ലഭ്യമാക്കും. ഈ സബ്സിഡി തുക സപ്ലൈകോയ്ക്ക് നൽകുകയാണ് ചെയ്യുക. സപ്ലൈകോ വഴി കുറഞ്ഞ നിരക്കിൽ അരി , ആവശ്യമായ പലവ്യഞ്ജനങ്ങള്‍ എന്നിവ ബന്ധപ്പെട്ട സന്നദ്ധസംഘടനകൾ നടത്തുന്ന കേന്ദ്രങ്ങൾക്ക് സർക്കാർ നൽകും. ഇത്തരം സംരംഭങ്ങൾക്ക് സന്നദ്ധസംഘടനകളും പഞ്ചായത്തുകളും മുന്നോട്ടുവരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടു താലൂക്കുകളെയും സമ്പൂർണ്ണ വിശപ്പുരഹിത താലൂക്കുകളായി പ്രഖ്യാപിക്കുന്നത് ഏപ്രിൽ മാസത്തിൽ നടക്കും എന്ന് ധനമന്ത്രി വ്യക്തമാക്കി . ഇതോടെ വിശപ്പ് രഹിത ആലപ്പുഴ പദ്ധതിക്ക് ഔപചാരിക ഉദ്ഘാടനം ആകും. ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങുന്ന സംഘടനകൾ എത്രയും പെട്ടെന്ന് ആലപ്പുഴ കളക്ടറേറ്റ് മായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ ഇക്കാര്യത്തിൽ നിർബന്ധമാണ് . ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന സംഘടനകൾ തങ്ങൾക്ക് ആവശ്യമായി വരുന്ന അരി, പലവ്യഞ്ജനങ്ങൾ എന്നിവ സംബന്ധിച്ച വിവരം കലക്ട്രേറ്റിൽ അറിയിക്കണം. തുടർന്ന് ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തി തീരുമാനം എടുക്കും. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, വിവിധ വകുപ്പുകളുടെ ജില്ല തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date