Skip to main content
ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ വിവാദ വിഷയങ്ങള്‍ ഉന്നയിച്ചത് അനുചിതം: ഗവര്‍ണര്‍

ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ വിവാദ വിഷയങ്ങള്‍ ഉന്നയിച്ചത് അനുചിതം: ഗവര്‍ണര്‍

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ വിവാദ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചത് അനുചിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ബിസിനസ് സെഷനുകളിലാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനുശേഷം കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ അന്തസത്തയാണ്. സമാധാനപരമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അക്രമങ്ങള്‍ നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിക്കുന്നത് ശരിയല്ല. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണഘടനക്കും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനും എതിരായി തന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി നല്‍കേണ്ട ബാധ്യതയുണ്ട്. അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സമീപനം ശരിയല്ല. കുറച്ച് കാലമായി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും വാതില്‍ കൊട്ടയടക്കുന്നത് അക്രമത്തിനാണ് വഴിവെക്കുക. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ സംവാദങ്ങള്‍ക്ക് താല്‍പ്പര്യം കാണിക്കുന്നില്ല. കോഴിക്കോട് പ്രതിഷേധിക്കാനെത്തിയവരെ ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ തങ്ങള്‍ ചര്‍ച്ചക്കല്ല, പ്രതിഷേധിക്കാനാണ് വന്നതെന്നായിരുന്നു പ്രതികരണം. ഈ പ്രതിഷേധങ്ങള്‍ പത്തോ പതിനഞ്ചോ ദിവസത്തിനകം കെട്ടടങ്ങും. സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയല്ല, ശരി നോക്കിയാണ് തീരുമാനമെടുക്കേണ്ടത്. വാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമാണ് വഴങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 1986ല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുത്തതിന്റെ തുടര്‍ച്ചയായാണ് അയോധ്യയില്‍ ക്ഷേത്രം തുറന്നുകൊടുക്കേണ്ടി വന്നത്. മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയപ്പോഴും രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ഇല്ല. ഭരണഘടന തുല്യ അവകാശം നല്‍കുന്ന ഇന്ത്യക്കാര്‍ മാത്രമാണ് എല്ലാവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

date