ഡാറ്റാ ബാങ്ക്: കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കണം
ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് വീട് നിര്‍മിക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതെന്നും ഇവ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. ജെയിംസ് മാത്യു എം എല്‍ എയാണ് ഇക്കാര്യം യോഗത്തിലുന്നയിച്ചത്. ജീവനക്കാരുടെ കുറവാണ് അപേക്ഷ കെട്ടിക്കിടക്കാന്‍ കാരണമായി പറയപ്പെടുന്നത്. ഇതിന് പ്രത്യേക തീരുമാനം കൈകൊള്ളണം. കലക്ടര്‍, സബ്കലക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഡി ഡി പി എന്നിവര്‍ യോഗം ചേര്‍ന്ന് തണ്ണീര്‍തട വയല്‍ നികത്തല്‍ നിരോധന നിയമത്തിന്റെ ഭാഗമായുള്ള ഇളവുകള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള അപേക്ഷകളില്‍ പരിഗണിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം പുറപ്പെടുവിക്കണമെന്നും ആവശ്യമെങ്കില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
ജില്ലയിലെ എസ് സി, എസ് ടി കോളനികളിലെ ഏറ്റെടുത്ത പ്രവൃത്തികള്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വീഴ്ച സംഭവിക്കുന്നുണ്ട്. ഹാബിറ്റാറ്റ്, എഫ് ഐ ടി തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. കലക്ടര്‍ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. പദ്ധതി ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങുമെത്തിയില്ലെന്നും എം എല്‍ എമാര്‍ അറിയിച്ചു. പ്രവൃത്തികള്‍ കരാര്‍ ഏറ്റെടുക്കുന്ന ഏജന്‍സികള്‍ സബ് കോണ്‍ട്രാക്ട് എടുക്കുന്നതാണ് കാലതാമസം നേരിടാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി. പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍, കല്ല്, മരം എന്നിവ നീക്കം ചെയ്യുന്നതിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അടുത്ത മഴക്കാലത്തിന് മുമ്പ് മണല്‍ മാറ്റിയില്ലെങ്കില്‍ പുഴയുടെ ഒഴുക്കിനെ തന്നെ ബാധിക്കുമെന്നും കെ സി ജോസഫ് എം എല്‍ എ പറഞ്ഞു. നടപടികളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പാല്‍ച്ചുരം- ബോയ്‌സ് ടൗണ്‍ റോഡ് അടിയന്തരമായി യാത്രാ യോഗ്യമാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന റോഡിന്റെ നിലവിലെ അവസ്ഥ ശോചനീയമാണെന്നും സണ്ണി ജോസഫ് എം എല്‍ എ യോഗത്തില്‍ വ്യക്തമാക്കി.
ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം പലയിടങ്ങളിലും നടപ്പായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ യോഗം വിളിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ടി വി രാജേഷ് എം എല്‍ എ ആവശ്യപ്പെട്ടു. ജലവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചുവരികയാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ടി വി രാജേഷ് എം എല്‍ എയാണ് ഈ ആവശ്യം കഴിഞ്ഞ ഡിഡിസി യോഗത്തിലുന്നയിച്ചിരുന്നത്. പാലക്കോട് മണല്‍ത്തിട്ട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. ജില്ലയില്‍ കിഫ്ബി ഏറ്റെടുത്ത് നടപ്പാക്കുന്ന പ്രവൃത്തികള്‍ മന്ദഗതിയിലാണെന്നും കമ്പനി നടത്തുന്ന മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളുടെയും റിപ്പോര്‍ട്ട് അടുത്ത ഡിഡിസി യോഗത്തില്‍ സമര്‍പ്പിക്കണമെന്നും എം എല്‍ എമാരായ ടി വി രാജേഷ്, കെ സി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. കക്കംപാറയില്‍ കൂറ്റന്‍ പാറ അപകട ഭീഷണിയുയര്‍ത്തിയതിനെത്തുടര്‍ന്ന് മാറ്റിത്താമസിപ്പിച്ച കുടുംബങ്ങളെ വീടും സ്ഥലവും നല്‍കുന്ന പദ്ധതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കുടംബങ്ങളുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ അടുത്ത യോഗത്തില്‍ ലഭ്യമാക്കാന്‍ കെ സി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. ഡി ഡി സി യോഗത്തില്‍ ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കണ്ണൂര്‍ കൂത്തുപറമ്പ് റോഡിലെ മൗവ്വേരിയില്‍ ടാര്‍ ചെയ്തതിന് പുറത്തുള്ള ഭാഗത്തിന് സ്വകാര്യ വ്യക്തി അവകാശമുന്നയിച്ച സംഭവത്തില്‍ താലൂക്ക് സര്‍വേയറും പി ഡബ്ല്യൂ ഡി അധികൃതരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം ആവശ്യപ്പെട്ടു. ആലക്കോട് ടൗണിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍, പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു. പഴശ്ശി പ്രദേശത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയാണെന്നും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ്് എന്നത് സ്വപ്്‌ന പദ്ധതിയാണ്. പദ്ധതിയില്‍പ്പെട്ട മുഴുവന്‍ റോഡുകളുടെയും പ്രവൃത്തികള്‍ ഒരുമിച്ച് നടത്തുക എന്നുള്ളത് വെല്ലുവിളിയാണെന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ എം എല്‍ എമാര്‍ നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എമാരായ ടി വി രാജേഷ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, കെ സി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) കെ കെ അനില്‍ കുമാര്‍, ജനപ്രതിനിധികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments