Skip to main content

ടാലെന്റോയില്‍ മാറ്റുരച്ച് മത്സരാര്‍ഥികള്‍

സരസ് മേളയുടെ ഭാഗമായി സംഘടിപ്പിച്ച ടാലെന്റോ 2019 മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും  വേറിട്ട അനുഭവമായി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ ഡിഡിയു -ജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന) വഴി തൊഴില്‍ പരിശീലനം ലഭിച്ചവരും, നിലവിലെ പഠിതാക്കളുമാണ്  ടാലെന്റോ മത്സരത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം പരിയാരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിമല്‍ റോഹന്‍ നിര്‍വഹിച്ചു. ഡിഡിയു -ജികെവൈ വഴി തൊഴില്‍ പരിശീലനം ലഭിക്കുന്ന 70 ശതമാനം പേര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്നത് പദ്ധതിയുടെ വിജയമാണെ് അദ്ദേഹം പറഞ്ഞു.  മുമ്പ് കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ മേഖല തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല.  എന്നാല്‍  ഇന്ന്  അവര്‍ക്ക് അവരുടേതായ മേഖലകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സ്റ്റേജ് -സ്റ്റേജ് ഇതര വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. വിവിധ ഇനങ്ങളിലായി 150 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കേരളത്തിന്റെ പരിസ്ഥിതി, സാമൂഹികം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രസംഗ മത്സരം. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും എത്തിയ കെ ജില്‍ന ഒന്നാം സ്ഥാനവും എബിസി ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നെത്തിയ പി പി ജിനു,  പി വിപിന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
കാണികളെ ഒന്നടങ്കം നൊമ്പരത്തിലാഴ്ത്തുന്നതായിരുന്നു സരസ് മേളയിലെ സ്‌കിറ്റ് മത്സരം. പ്രായമായവരെ വൃദ്ധ സദനത്തിലേക്ക് തള്ളുന്ന അവസ്ഥയും കുട്ടികള്‍ നേരിടുന്ന പീഡനവുമൊക്കെ സ്‌കിറ്റില്‍ വിഷയങ്ങളായി. പ്രായമായ മാതാപിതാക്കളെ  വൃദ്ധസദനത്തിലാക്കിയപ്പോള്‍  വീട്ടില്‍ തനിച്ചായി പോയ കൊച്ചുമകള്‍ക്ക് വേലക്കാരനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനവും കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയുമാണ് ഒന്നാം സ്ഥാനത്തിന്  അര്‍ഹരായ  ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌കില്‍ വിഷയമായത് കെ ജില്‍നയും സംഘവും അവതരിപ്പിച്ചത്. വാളയാര്‍ പീഡനവും,  പാമ്പ് കടിയേറ്റു മരിച്ച ഷഹലയുമൊക്കെ സ്‌കിറ്റിലെ വിഷയങ്ങളായി മാറി. എ ബി സി അക്കാദമിയുടെ ടി ജോമോള്‍ക്കും സംഘത്തിനുമാണ് രണ്ടാം സ്ഥാനം.  ഷിജിലയും സംഘവും  മൂന്നാം സ്ഥാനം നേടി.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത് അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത്  മിഷന്‍ ഡിപിഎം ഡോ കെ വി ലതീഷ്,  കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ്, ഡി ഡി യു ജി കെ വൈ ഡിപിഎം പി വിഷ്ണു പ്രസാദ്, പാപ്പിനിശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത്  സെന്റര്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ പി കെ അനില്‍ കുമാര്‍,  പി സുനില്‍ ദത്തന്‍,  വി സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date