Skip to main content

കൈയ്യടി നേടി സരസ്: ജനപങ്കാളിത്തവും വില്‍പനയും ശ്രദ്ധേയമാകുന്നു

ജനപങ്കാളിത്തം കൊണ്ടും വരുമാനം കൊണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് മങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിങ്ങ്  കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന അഞ്ചാമത് ദേശീയ സരസ് മേള. തികഞ്ഞ ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുക്കിയ മേളയില്‍ ദിനംപ്രതി ഒരുലക്ഷത്തോളം പേരാണെത്തുന്നത്. സരസ് മേളയുടെ ചരിത്രത്തിലെ തന്നെ റെക്കോഡ് വരുമാനമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 31 വരെ 12 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഇതിനോടകം അഞ്ച് കോടിയില്‍പ്പരം രൂപയുടെ വില്‍പന നടന്നിട്ടുണ്ട്. ഏഴ് കോടിയാണ് സരസിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഉയര്‍ന്ന വരുമാനം. ഇത്തവണ ഒമ്പത് കോടി രൂപയുടെ വിറ്റുവരവുമായി നിലവിലെ റെക്കോഡ് മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് പറഞ്ഞു.

ഇന്ത്യ ഓണ്‍ എ പ്ലേറ്റ് എന്ന ആശയവുമായി മേളയുടെ പ്രധാന ആകര്‍ഷണമായ ഫുഡ് കോര്‍ട്ട് തന്നെയാണ് വരുമാനത്തിലും മുമ്പില്‍. എട്ട് ദിവസം കൊണ്ട് അരക്കോടിയിലധികം രൂപയാണ് ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ അണിനിരന്ന ഫുഡ് കോര്‍ട്ട് നേടിയത്. ദിനംപ്രതി ലക്ഷങ്ങളുടെ  വില്‍പനയാണ് ഇവിടെ നടക്കുന്നത്. മേളയുടെ ആദ്യ ദിനം ഒരു ലക്ഷം രൂപയുടെ വില്‍പനയാണ് ഉണ്ടായതെങ്കില്‍ ഒമ്പത് ലക്ഷം രൂപയാണ് എട്ടാം ദിവസത്തെ മാത്രം കണക്ക്. മേള അവസാനിക്കുമ്പോള്‍ ഒരു കോടി രൂപയുടെ വിറ്റുവരവാണ് ഈ രുചി നഗരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

252 സ്റ്റാളുകള്‍ അണിനിരന്ന  മേളയില്‍ ഫുഡ് കോര്‍ട്ട് കഴിഞ്ഞാല്‍ ആരാധകരേറെയും തുണിത്തരങ്ങള്‍ക്കാണ്. ഇതില്‍ ഗോവ, പഞ്ചാബ്, മിസോറാം, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാന്‍ഡ്‌ലൂം സ്റ്റാളുകളാണ് ശ്രദ്ധേയം. കശ്മീരി സാരികള്‍ക്കും ഹരിയാന, മഹാരാഷ്ട്ര സ്റ്റാളുകളിലെ ചെരുപ്പുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 53 സ്റ്റാളുകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ മേള നഗരിയിലെത്തിയത്. ഭക്ഷണ പദാര്‍ഥങ്ങള്‍, കറിമസാലകള്‍, കേക്കുകള്‍, സ്‌ക്വാഷുകള്‍, തേന്‍ ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് കേരളത്തിലെ സ്റ്റാളുകളുടെ പ്രധാന ആകര്‍ഷണം.

ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ സൂക്ഷ്മ ചെറുകിട സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച സരസ് മേളയിലെ അനുബന്ധ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും സാംസ്‌കാരിക സദസ്സുകളും ബ്ലോക്ക് പഞ്ചായത്തുകളുടെ കലാപരിപാടികളും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ മെഗാഷോ, കേക്ക് ഫെസ്റ്റ്, ഫാഷന്‍ ഷോ, ഗസല്‍, മാജിക് ഷോ, കളരിപ്പയറ്റ് തുടങ്ങിയ പരിപാടികളും അരങ്ങേറി.

date