Skip to main content

ചരിത്രം പറഞ്ഞും പഠിപ്പിച്ചും ചരിത്ര പ്രദർശനം

രണ്ടായിരം വർഷങ്ങൾക്കു മുൻപെ മഹാ ജനപഥങ്ങളിൽ നിലനിന്നിരുന്ന അച്ചു കുത്തു നാണയങ്ങൾ.. ഒരു ഭാഗത്ത് അമ്പും വില്ലും മറുഭാഗത്ത് ഭടനെ അഭിമുഖീകരിക്കുന്ന ആനയും . സംഘ കാലത്ത് ചേര രാജവംശത്തിൽ  പ്രചാരത്തിലുണ്ടായ ചതുരാകൃതിയിലുള്ള  അപൂർവ നാണയങ്ങൾ.  ഇന്ത്യയിലെ വിവിധങ്ങളായ രാജവംശങ്ങൾ അവരുടെ കാലഘട്ടങ്ങളിൽ ഉപയോഗിച്ചു പോന്നിരുന്ന ചെമ്പിലും പിച്ചളയിലും ഓടിലും ഈയ ത്തിലും സ്വർണത്തിലും മറ്റും തീർത്ത നാണയങ്ങളിലൂടെ രണ്ടായിരത്തി അറുനൂറു വർഷത്തെ ഇന്ത്യയുടെ മഹത്തായ ചരിത്രം അനാവരണം ചെയ്യുകയാണ്  എൺപതാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ യൂനിവേഴ്സിറ്റിയിൽ ഒരുക്കി പ്രദർശനം.

 സ്റ്റുഡന്റ് അമിനിറ്റി സെൻററിൽ നടക്കുന്ന പ്രദർശനത്തിൽ പുരാതന ഇന്ത്യയിലെ വൻശക്തികളായിരുന്ന മൗര്യ, ഗുപ്ത, മഗധ, '.'' 'കുശാന മുതലായ രാജവംശങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ , മുസ്ലീം രാജ വംശങ്ങളായ നാൽപതോളം വ്യത്യസ്ത സുൽത്താനേറ്റു കളിൽ  ഉണ്ടായിരുന്ന നാണയങ്ങൾ ,നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഫ്രഞ്ച്, പോർച്ചുഗൽ, ഡച്ച്, ഡാനിഷ് തുടങ്ങിയ പാശ്ചാത്യ ശക്തികൾ ഇന്ത്യയിൽ പുറത്തിറക്കിയ  നാണയങ്ങൾ തുടങ്ങി നിലവിലുള്ളതും ഇല്ലാത്തതുമായ ലോകത്തിലെ ഇരുന്നൂറ്റി നാല്പതിൽപ്പരം  രാജ്യങ്ങളിലെ നാണയങ്ങൾ കാണാം.

 

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽ രാജവംശത്തിന്റെ പ്രധാന നാണയമായ കണ്ണൂർ പണം, തലശ്ശേരി പണം എന്നിവയും  അന്നത്തെ നാണയങ്ങൾ നിർമ്മിക്കുന്ന ഖജാന കോട്ട ,   1956ലെ പണ്ടാരം വക രസീതി, 1911 ൽ നെല്യാട്ട് കുടുംബത്തിനു പാട്ടം നൽകിയ രേഖ, എന്നിവ സംബന്ധിക്കുന്ന അപൂർവ രേഖകൾ പ്രദർശനത്തിലുണ്ട്. കൂടാതെ 500, 1000, 150,125,60,75 രൂപകളുടെ അപൂർവ വെള്ളി നാണയങ്ങൾ, ജോർജ് അഞ്ചാമന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ജോർജുകുട്ടി എന്നറിയപ്പെടുന്ന നാണയങ്ങളുമൊക്കെ ശേഖരത്തിലുണ്ട്. 

'ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിലെ തപാൽ ചരിത്രം,  വ്യത്യസ്തങ്ങളായ തപാൽ സ്റ്റാമ്പുകൾ തുടങ്ങിയവയും പ്രദർശനത്തിൽ കാണാം. 

'പട്ടണം എന്ന പ്രാചീന നഗരാവശിഷ്ടങ്ങളുടെ പോസ്റ്റർ  പ്രദർശനമാണ് മറ്റൊരു ആകർഷണം. കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെതാണ് പ്രദർശനം. കൊടുങ്ങല്ലൂരിനും വടക്കൻ പരവൂരിനും ഇടയിലുള്ള പ്രദേശമാണ് പട്ടണം. 

 2007 നും 2015നും ഇടയിൽ 9 തവണയാണ് കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ ഇവിടെ ഖനനം നടത്തിയത്. ഇവിടുത്തെ ജനതയുടെ ജീവിത രീതിയെയും അവർ ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെയും ചിത്രങ്ങൾ അടങ്ങുന്ന വിവരണമാണ്  ഗാലറിയിൽ ഉള്ളത്. കേരള നിയമസഭയുടെ  സമ്പൂർണ ചരിത്രം പറയുന്ന പ്രത്യേക വിഭാഗവും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കേരള ചരിത്രത്തിലെ അപൂർവ നിമിഷങ്ങളും ചരിത്ര ശേഷിപ്പുകളുമായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ സ്റ്റാളും പ്രദർശനത്തിലുണ്ട് .ചരിത്ര വിദ്യാർഥികൾക്കും, ചരിത്രന്വേഷകർക്കും ഏറെ പ്രയോജനപ്രദമാകും വിധമാണ് പ്രദർശനം.

date