ചരിത്രത്തിൽ വേണ്ടത് തിരുത്തലുകളല്ല: ചരിത്ര കോൺഗ്രസ് പാനൽ
ചരിത്രത്തിൽ വേണ്ടത് തിരുത്തലുകൾ അല്ലെന്നും മറിച്ച് നവീകരണമാണെന്നും ദേശീയ ചരിത്ര കോൺഗ്രസ്സിലെ കേരള പാനൽ ചർച്ച വിലയിരുത്തി. ചരിത്രം തിരുത്തി മറ്റൊന്ന് സൃഷ്ടിക്കാനാണ് സമീപകാല പ്രവൃത്തികളിലൂടെ ശ്രമിക്കുന്നത്. പക്ഷെ തിരുത്തലുകൾ അല്ല ചരിത്രത്തിനാവശ്യം. ചരിത്രം അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്. എപ്പോഴും നവീകരിച്ചുകൊണ്ടിരിക്കുന്നത്. അത് മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും പാനൽ അഭിപ്രായപ്പെട്ടു. ഒരു പ്രക്രിയയായ ചരിത്രത്തെ ഒരു ഉത്പന്നമാക്കാനുള്ള ശ്രമവും സമീപകാലത്ത് നടക്കുന്നതായി ചർച്ച വിശദീകരിച്ചു. രാജൻ ഗുരുക്കൾ, കേശവൻ വെളുത്താട്ട്, സനൽ മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിഷയങ്ങൾക്കപ്പുറമുള്ള രീതി ശാസ്ത്രം വളർത്തിയെടുക്കുന്നതിലൂടെ മാത്രമെ ചരിത്ര പഠനം സമ്പുഷ്ടമാവുകയുള്ളൂവെന്ന് ചർച്ചയിൽ പങ്കെടുത്ത് ഡോ രാജൻ ഗുരുക്കൾ അഭിപ്രായപ്പെട്ടു. ശാസ്ത്ര സത്യങ്ങൾ പോലും അന്തിമമല്ല. അതുപോലെയാണ് ചരിത്രവുമെന്നും അദ്ദേഹം വിശദീകരിച്ചു. വിമർശനാത്മക ബോധ്യമാണ് ചരിത്ര പഠനത്തിന് വേണ്ടതെന്നായിരുന്നു കേശവൻ വെളുത്താട്ടിന്റെ അഭിപ്രായം. വില്യം ലോഗൻ ഉൾപ്പടെയുള്ള കൊളോണിയൽ എഴുത്തുകാർ ചരിത്രരചനയിൽ ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളാണ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ചരിത്ര സംജ്ഞകളെ ശക്തിപ്പെടുത്തുന്നതിന് പകരം മറഞ്ഞു കിടക്കുന്നതും അവഗണിക്കപ്പെട്ടതുമായ ചരിത്രത്തെ കണ്ടെത്തുകയാണ് ചരിത്രകാരന്റെ ദൗത്യമെന്ന് സനൽ മോഹൻ അഭിപ്രായപ്പെട്ടു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കെ എസ് മാധവൻ, ബ്യൂറുട്ടോൺ ക്ലീറ്റസ്, മാളവിക ബിന്നി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
- Log in to post comments