Skip to main content

ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി ബ്ലോക്ക് സജ്ജമാകുന്നു

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിനായി പുതിയ കെട്ടിടം സജ്ജമാകുന്നു.

ആരോഗ്യ വകുപ്പ് 3.55 കോടി രൂപ ചെലവിട്ട് 29514.64 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഗൈനക്കോളജി ബ്ലോക്കില്‍ ഐ. പി വിഭാഗത്തില്‍ 100  കിടക്കകള്‍ ക്രമീകരിക്കാനാകും.   നാല് നിലകളിലായി നാല്‍പതിലധികം മുറികളുണ്ട്.

നിലവില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ദിവസേന ശരാശരി എണ്‍പതിലേറെപ്പേര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. പുതിയ ബ്ലോക്ക് തുറക്കുന്നതോടെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സൂപ്രണ്ട്  ഡോ. എസ്. എല്‍ അജിത്ത് പറഞ്ഞു.

റിസപ്ഷന്‍, വിശ്രമ മുറികള്‍, ഒ.പി മുറികള്‍ തുടങ്ങി പതിനഞ്ചു മുറികളും പോര്‍ച്ചുമാണ് താഴത്തെ നിലയിലുള്ളത്. പ്രസവ വാര്‍ഡുകളും ഓപ്പറേഷന്‍ തിയേറ്ററും ആധുനിക സംവിധാനങ്ങളടങ്ങിയ സ്‌കാനിംഗ് റൂമുമാണ് രണ്ടാം നിലയില്‍.

മൂന്നാം നിലയില്‍ ഇന്‍ഫര്‍ട്ടിലിറ്റി വിഭാഗത്തിനുള്ള സൗകര്യവും നാലാം നിലയില്‍ വിശാലമായ ഹാളും ഒരുക്കിയിരിക്കുന്നു. എല്ലാ നിലകളിലും ഡോക്ടര്‍മാര്‍ക്കും പരിശോധനാ മുറികളും പൊതു ശുചിമുറികളുമുണ്ട്.

date