Skip to main content
ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്ത് ചരിത്ര കോണ്‍ഗ്രസ്

ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്ത് ചരിത്ര കോണ്‍ഗ്രസ്

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ അവസാന ദിനം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയും ലിംഗ സമത്വവും ചര്‍ച്ചയായി. ശബരിമലയും കേരളത്തിലെ സ്ത്രീകളുടെ വ്യക്തിത്വവും എന്ന വിഷയത്തില്‍ പാര്‍വതി മേനോനും, സ്ത്രീ ശരീരത്തിന്റെയും ലൈംഗികതയുടെയും ലിംഗവത്കരണം എന്ന വിഷയത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ ശാലിനി ഷായുമാണ് പ്രബന്ധം അവതരിപ്പിച്ച് ലിംഗസമത്വം ചര്‍ച്ചയാക്കിയത്. കേരള സമൂഹത്തില്‍ സ്ത്രീകളുടെ വ്യക്തിത്വം സംബന്ധിച്ച വൈരുദ്ധ്യമാണ് ശബരിമല വിഷയം കാണിക്കുന്നതെന്ന് പാര്‍വതി മേനോന്‍ പറഞ്ഞു. സ്ത്രീകളെ തരംതാഴ്ത്തുന്ന ആചാരങ്ങള്‍ക്കെതിരായ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആ പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെന്നതാണ് ഇതിന് ഒരു കാരണമെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ വീടിനകത്തും കുടുംബത്തിലും സ്ത്രീ പുരുഷ ബന്ധത്തിലും സ്ത്രീകള്‍ക്ക് സ്വയംഭരണം ഇല്ലാത്തത് ഇതിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ സ്ത്രീ വിമോചനം ഏതാനും ചട്ടക്കൂടുകളില്‍ മാത്രമാണ് സംഭവിച്ചത്. പുതിയ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് കേരള സ്ത്രീ ഇരയാവുകയാണ്. പിതൃദായക്രമത്തിന്റെ ഇരയാണ് സ്ത്രീയെന്നും അതിനു കാരണം ലിംഗമാണെന്നും ഇ എം എസ് അഭിപ്രായപ്പെട്ടിരുന്നതായി പാര്‍വതി മേനോന്‍ പറഞ്ഞു.
ചരിത്രാന്വേഷണത്തിന്റെ ഒരു മേഖല എന്ന നിലയില്‍ മനുഷ്യ ശരീരത്തെ ചരിത്രകാരന്മാര്‍ ഇത്രയും കാലം അവഗണിച്ചുവെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ശാലിനി ഷാ പറഞ്ഞു. സ്ത്രീശരീരത്തെക്കുറിച്ച് സമൂഹ മനസാക്ഷിക്ക് ചിന്തിക്കാന്‍, അസ്വസ്ഥരാക്കാന്‍ ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന് കഴിഞ്ഞതായി അവര്‍ പറഞ്ഞു. ബ്രഹ്മചാരിയായ പ്രതിഷ്ഠയെ ഒരു പ്രത്യേക പ്രായപരിധിയില്‍പെട്ട സ്ത്രീയുടെ സാന്നിധ്യം മലിനീകരിക്കുന്നതിനു പുറമെ ഭീഷണിയാവുന്നുവെന്നും പക്ഷം പിടിക്കുന്നത് സംസ്‌കൃത, ബ്രാഹ്മണ പാരമ്പര്യമാണെന്നും അവര്‍ പറഞ്ഞു. അരുണ്‍ ബന്ദോപാധ്യായ, ഉമ ചതോപാധ്യായ, ഷിറീന്‍ മൂസ്വി, രാജശേഖര്‍ ബസു എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉത്സ പട്‌നായിക് അധ്യക്ഷയായി.

date