തീരദേശ ചട്ടലംഘനം: അദാലത്ത് നടത്തി രണ്ടാംഘട്ടം ജനുവരി 7 ന്
ജില്ലയിലെ തീരദേശ ചട്ടലംഘന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അദാലത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 44 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 2200 ഓളം കെട്ടിടങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയില്‍ 1990 എണ്ണം വീടുകളാണ്. തിങ്കളാഴ്ച്ച നടന്ന അദാലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ (ഡി എം) വിശാലാക്ഷി, ഡെപ്യൂട്ടി കലക്ടര്‍( എല്‍ ആര്) ഹരികുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി രഞ്ജിത്ത് , ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ കെ പി നിതീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ടി ജെ അരുണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യഘട്ട അദാലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനായി ജനുവരി ഏഴിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സൗകര്യമൊരുക്കും. 1996 ന് മുമ്പ് പണിതിട്ടുള്ള കെട്ടിടങ്ങള്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖകളും 1996 ശേഷമുള്ള നിര്‍മ്മിതികള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്നും ലഭിച്ചിട്ടുള്ള നിരാക്ഷേപ പത്രമോ അന്നേ ദിവസം ഹാജരാക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ പങ്കെടുക്കാത്ത മുഴുവന്‍ പേരും രണ്ടാംഘട്ടത്തില്‍ പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- Log in to post comments