Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

നിയമസഭാ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി യോഗം കണ്ണൂരില്‍
കേരള നിയമസഭ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി യോഗം ജനുവരി ആറിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹൈടെക് സ്‌കൂള്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം. സമിതി ചെയര്‍മാനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, എക്സ് ഒഫീഷ്യോ അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍, പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍, സമിതി അംഗങ്ങളായ എം എല്‍ എമാര്‍, നിയമസഭ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും തുടര്‍ന്ന് സംഘം മാടായി ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

തീരദേശ ചട്ടലംഘനം: അദാലത്ത് നടത്തി
രണ്ടാംഘട്ടം ജനുവരി 7 ന്
ജില്ലയിലെ തീരദേശ ചട്ടലംഘന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അദാലത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 44 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 2200 ഓളം കെട്ടിടങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയില്‍ 1990 എണ്ണം വീടുകളാണ്. തിങ്കളാഴ്ച്ച നടന്ന അദാലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ (ഡി എം) വിശാലാക്ഷി, ഡെപ്യൂട്ടി കലക്ടര്‍( എല്‍ ആര്‍) ഹരികുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി രഞ്ജിത്ത് , ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ കെ പി നിതീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ടി ജെ അരുണ്‍,  തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യഘട്ട അദാലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനായി ജനുവരി ഏഴിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സൗകര്യമൊരുക്കും. 1996 ന് മുമ്പ് പണിതിട്ടുള്ള കെട്ടിടങ്ങള്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖകളും 1996 ശേഷമുള്ള നിര്‍മ്മിതികള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്നും ലഭിച്ചിട്ടുള്ള നിരാക്ഷേപ പത്രമോ അന്നേ ദിവസം ഹാജരാക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ പങ്കെടുക്കാത്ത മുഴുവന്‍ പേരും രണ്ടാംഘട്ടത്തില്‍ പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചീഫ് മിനിസ്റ്റേഴ്‌സ് കോണ്‍ക്ലേവ് ജനുവരി ആറിന് കോഴിക്കോട്
സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവ് എന്ന പരിപാടിയിലൂടെ മുഖ്യമന്ത്രി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നു.  രണ്ടാംഘട്ടം ജനുവരി ആറിന് കോഴിക്കോട് ഫറുക്ക് കോളേജില്‍ നടക്കും.
രണ്ടാം ഘട്ടത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്ററിനറി, മലയാളം, സംസ്‌കൃത, കേരള കലാമണ്ഡലം സര്‍വകലാശാലകളിലെ യൂണിയന്‍ പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കേണ്ടത്.  ജനുവരി ഒന്നുവരെ അപേക്ഷിക്കാം.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ http://www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം leadersconclavecit@gmail.com എന്ന മെയിലിലേക്ക് അയക്കണം.
പരിപാടിയില്‍ എത്തുന്ന പ്രതിനിധികള്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും, കോളെജ് ഐ ഡി കാര്‍ഡും സഹിതം ഹാജരാകേണ്ടതാണെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

ലെവല്‍ക്രോസ് അടച്ചിടും
എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 238-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി ഒന്നിന് രാവിലെ എട്ട് മണി മുതല്‍ ജനുവരി അഞ്ചിന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റി
ഡിസംബര്‍ 31 ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി ഒന്നിന് 2.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.

 സെമിനാര്‍ മാറ്റിവെച്ചു  
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 31ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താനിരുന്ന 'ജന്തു ക്ഷേമ ബോധവത്കരണ സെമിനാര്‍' ജനുവരി മൂന്നിന് രാവിലെ 10 മണിയിലേക്ക് മാറ്റിവെച്ചു.  

'ഇന്ത്യ എന്ന റിപ്പബ്ലിക്'; ഉദ്ഘാടനം ഒന്നിന്
ഭരണഘടന സാക്ഷരത 'ഇന്ത്യ എന്ന റിപ്പബ്ലിക്'ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ഒന്ന് ബുധനാഴ്ച രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
ക്രിസ്തുമസ്-ന്യൂ ഇയറിനോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ഡിസംബര്‍ 29, 30 തീയതികളിലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 452 - അജയന്‍, 29020 - എം രാജന്‍, 678 - കെ അശോകന്‍, 469 - കുമാരന്‍, മാച്ചേരി, 492 - അശോകന്‍, കണ്ണൂര്‍, 587 - പി ത്രിവേണി, പി ഒ ചാലോട്.  വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി ഡിസംബര്‍ 31 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
 

date