ലൈഫ് മിഷൻ കട്ടപ്പന ബ്ലോക്ക് ഗുണഭോക്തൃ സംഗമം- സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു
ലൈഫ് മിഷൻ പദ്ധതി പ്രകാരം കട്ടപ്പന ബ്ളോക്ക് പഞ്ചായത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക് തല കുടുംബസംഗമവും ജനുവരി 13ന് കട്ടപ്പന മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ആൻറണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കെ പ്രവീൺ നേതൃത്വം നൽകി. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, പീരുമേട് എം എൽ എ ഇ .എസ് ബിജിമോൾ ,ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ എന്നിവർ രക്ഷാധികാരികളായും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആൻറണി ചെർമാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ധനേഷ് കൺവീനറായും ഉൾപ്പെട്ടതാണ് സംഘാടക സമിതി. സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി ആണ് ലൈഫ് മിഷൻ. കേരളത്തിലെ എല്ലാ ഭൂരഹിതർക്കും, ഭൂരഹിത ഭവനരഹിതർക്കും, ഭവനം പൂർത്തിയാകാത്തവർക്കും ,നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യോഗത്തിൽ ജന പ്രതിനിധികൾ , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments