Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം

മൂന്നാര്‍ ഗതാഗതക്കുരുക്കിന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടല്‍ വേണം: ജില്ലാ വികസന സമിതി

മൂന്നാര്‍ ഗതാഗതക്കുരുക്കിന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് ജില്ലാ വികസന സമിതിയില്‍ എസ്. രാജേന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി വിനോദ സഞ്ചാരികള്‍ കൂട്ടമായി മൂന്നാറിലേക്ക് എത്തിത്തുടങ്ങിയതോടെ മൂന്നാറിലെ ഗതാഗതക്കുരുക്കും കൂടിയ സാഹചര്യത്തിലാണ് എം എല്‍ എ നിര്‍ദ്ദേശിച്ചത്.  വാഹനങ്ങള്‍  ടൗണിലടക്കം അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരിക്കിന് കാരണമെന്നും എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ത്ഥടകരും, വിനോദ സഞ്ചാരികളും അടക്കം നിരവധി പേരാണ് ഗതാഗത കുരുക്കില്‍ ബുദ്ധിമുട്ടുന്നത്. ഓടുന്ന വാഹനങ്ങള്‍ പലതും ഇടുങ്ങിയ വഴിയില്‍ ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്നിലും  കൂട്ടമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരിക്കിന്റെ പ്രധാന കാരണം. ഗതാഗത കുരുക്ക് നിയന്ത്രിക്കാനും അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും സന്നദ്ധ സംഘടനകളുടെയോ സര്‍ക്കാര്‍ വകുപ്പുകളുടെയോ നേതൃത്വത്തില്‍ വോളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തിയാല്‍  അവധിക്കാലത്തുണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാനാകുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. മൂന്നാറിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  വോളന്റിയേഴ്‌സിനെ നിയമിക്കാനും ജില്ലാ വികസന സമിതി  തീരുമാനിച്ചു.

എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിന് മുന്‍പ് പദ്ധതി പ്രദേശം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന നിര്‍ദേശത്തെ  എസ് രാജേന്ദ്രന്‍ എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ചു. പുതിയ പദ്ധതികള്‍ നടപ്പാക്കിയാല്‍   മാത്രമാണ് ആസ്തി രജിസ്റ്ററിലുണ്ടാവുകയെന്നും  ഉദ്യോഗസ്ഥര്‍ പുതിയ നിയമം ഉണ്ടാക്കി അടിസ്ഥാന വികസനങ്ങള്‍ക്ക് വിലങ്ങുതടിയാകരുതെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷ സംബന്ധിച്ച അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡീന്‍ കുര്യാക്കോസ് എംപി വിദ്യാഭ്യാസ വകുപ്പിനോട്  കഴിഞ്ഞ വികസന സമിതിയില്‍ ആവശ്യപ്പെട്ടിരിന്നു.  വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കുളുകളും സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍                    ഉറപ്പാക്കിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മറുപടി നല്‍കി. കാലപഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വികസന സമിതിയില്‍ അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍,  ജില്ലാപ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.ടി ആഗസ്റ്റിന്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date