Skip to main content

ടാങ്കർ കുടിവെള്ള ഉപഭോക്താക്കളുടെ യോഗം ഇന്ന് 

കാക്കനാട്: ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ള ഉപഭോക്താക്കളുടെ യോഗം ഇന്ന് (ജനുവരി 1) രാവിലെ 11.30 ന് കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ ചേരും.  ജില്ലയിലെ വിവിധ മാളുകൾ, ആശുപത്രികൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തുന്നതിനായുള്ള ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതി ജനുവരി മുതൽ ജില്ലയിൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് യോഗം.   ഇന്നു മുതൽ വാട്ടർ അതോറിറ്റി സ്റ്റേഷനുകളിൽ നിന്നുമാത്രമേ  കുടിവെള്ളം ടാങ്കർ ലോറികളിൽ ശേഖരിക്കാവൂ. കുടിവെള്ളത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച് ക്വാളിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ  പരിശോധന നടത്തും. 

     വിതരണം ചെയ്യുന്ന ജലം അംഗീകൃത ലാബുകളിൽ  എല്ലാദിവസവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. നിലവിൽ 13 ഹൈഡ്രന്റുകളാണ് വാട്ടർ അതോറിറ്റിക്ക് കീഴിൽ വരുന്നത്. ഇവിടെ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കർ ലോറികളുടെ എണ്ണം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പിവിസി പ്ലാസ്റ്റിക് നിർമ്മിത ടാങ്കുകളിൽ കുടിവെള്ളം നിറയ്ക്കുന്നത് അനുവദനീയമല്ല. ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടുപോകുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ  ലൈസൻസ് എടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.  ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടിവെള്ളവിതരണം നടത്തേണ്ടതും  മറ്റു ആവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യം രേഖപ്പെടുത്തേണ്ടതുമാണ്.  

    പാറമടകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും മലിനജലം വിതരണം ചെയ്യുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് ഫുഡ്സേഫ്റ്റി സ്ക്വാഡിന് നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനുള്ള ടാങ്കറുകളിൽ നീലനിറവും, നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സൈറ്റിലേക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളിൽ ബ്രൗൺ നിറവും മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളിൽ മഞ്ഞ നിറവും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണം. കുടിവെള്ള ടാങ്കിന്റെ ഉൾവശത്ത് ഇ.പി.ഐ കോട്ടിങ് നിർബന്ധമായും ഉണ്ടായിരിക്കണം.

date