Skip to main content

നിക്ഷേപകർക്കും വായ്പക്കാർക്കും പുതിയ പദ്ധതികളുമായി സഹകരണവകുപ്പ്

*സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജനുവരി ഒന്ന്) മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും
പുതുവർഷത്തിൽ സഹകരണസംഘങ്ങളിലെ നിക്ഷേപകർക്കും വായ്പക്കാർക്കും പുതിയ രണ്ട് പദ്ധതികളുമായി സംസ്ഥാന സഹകരണവകുപ്പ്. സഹകരണ നിക്ഷേപം, നവകേരളീയം കുടിശ്ശിക നിവാരണം എന്നീ പദ്ധതികൾക്ക് ഇന്ന് (ജനുവരി ഒന്ന്) തുടക്കമാകും. സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നിന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിക്കും.
സഹകരണ മേഖലയിലെ 40-ാമത് സഹകരണ നിക്ഷേപം ഇന്ന് മുതൽ ഫെബ്രുവരി 29 വരെ സംസ്ഥാനത്താകെ നടക്കും. രണ്ട് മാസം നീണ്ടു നിൽക്കുന്ന പദ്ധതിയിലൂടെ 6000 കോടി രൂപയുടെ നിക്ഷേപം സഹകരണ ബാങ്കുകളിലേക്ക് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് വിവിധ കാരണങ്ങളാൽ  വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് സഹായമാകുന്ന പദ്ധതിയാണ് നവകേരളീയം കുടിശ്ശിക നിവാരണം. വായ്പ തിരിച്ചടവ് നടത്തുന്നവർക്ക് പലിശ ഇൻസെന്റീവ് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് മാസമാണ് പദ്ധതിയുടെ കാലാവധി.  
ചടങ്ങിൽ വി. എസ്. ശിവകുമാർ എം. എൽ. എ. അധ്യക്ഷത വഹിക്കും. വി. ജോയ് എം. എൽ. എ. ആദ്യ നിക്ഷേപം സ്വീകരിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ഡോ. പി. കെ. ജയശ്രീ,  സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. റാണി ജോർജ്, കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സോളമൻ അലക്സ്  തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്.4717/19

date