Skip to main content

ലഹരിവിരുധ ക്ലബ് അംഗങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണം: ജനകീയ സമിതി

വിദ്യാലയങ്ങളിലെ ലഹരിവിരുധ ക്ലബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ക്ലബില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. സ്‌കൂളില്‍ ക്ലബുകളുടെ പ്രവര്‍ത്തനം കുട്ടികളുടെ അഭാവം കാരണം കാര്യക്ഷമമല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന് പരിഹാരമായാണ് ക്ലബില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോഴും മൊബൈല്‍ മദ്യവില്‍പ്പന വ്യാപകമാകുന്നതായി യോഗം ചൂണ്ടിക്കാട്ടി. വിമുക്തി പദ്ധതിയില്‍ വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വിമുക്തി 90 ദിന തീവ്രയജ്ഞ പരിപാടിയൂടെ ഭാഗമായി ഗ്രന്ഥശാലകള്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍, റസിഡന്റ് അസോസിയേഷന്‍ എന്നിവരുടെ യോഗം ജനുവരി 20 നകം വിളിച്ചുചേര്‍ക്കാനും സമിതിയോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ മാസം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 104 അബ്കാരി കേസുകളും 38 എന്‍ ഡി പി എസ് കേസുകളും പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട 274 കേസുകളും പിടികൂടി.32 ലിറ്റര്‍ ചാരായം, 328.475 ലിറ്റര്‍ വിദേശമദ്യം, 129.395 ലിറ്റര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യവും പിടികൂടി.
എ ഡി എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ഇ പി മേഴ്‌സി അധ്യക്ഷയായി.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ പി കെ സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, വനിതാ ശിശുക്ഷേമ ഓഫീസര്‍ പി സുലജ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date