Skip to main content

ബാങ്കോക്ക് ഫെൻസിംഗ് ഓപ്പൺ വെള്ളിമെഡലുമായി മന്ത്രിയെ കാണാൻ രിതയെത്തി

തായ്‌ലന്റിലെ ബാങ്കോക്കിൽ നടന്ന അണ്ടർ 16 ഓപ്പൺ മിനി ഇന്റർനാഷണൽ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ എസ്. രിത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എല്ലാവിധ സഹായവും ചെയ്ത ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയെ നേരിട്ട് കണ്ട് നന്ദി അറിയിക്കാൻ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ എത്തി.  
വലിയതുറ സ്വദേശിയാണ് രിത. ഫിഷറീസ് വകുപ്പ് നൽകിയ സാമ്പത്തിക സഹായത്തിന്റെ അടിസ്ഥാനത്തിലാണ് രിത ബാങ്കോക്കിൽ എത്തിയത്.  
ഭോപ്പാലിൽ നടന്ന ദേശീയ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും ദേശീയ സ്‌കൂൾ ഗെയിംസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കോക്ക് ഓപ്പണിൽ പങ്കെടുക്കാൻ രിതയ്ക്ക് അവസരമുണ്ടായത്.  
മത്സ്യത്തൊഴിലാളി കുടുംബത്തിലെ രിതയ്ക്ക് ബാങ്കോക്കിൽ എത്തുന്നതിനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടായിരുന്നില്ല.   ഫിഷറീസ് വകുപ്പ് മന്ത്രിയ്ക്ക് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രിതയുടെ കാര്യം പ്രത്യേകം പരിഗണിച്ച് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും യാത്രയ്ക്കുമുള്ള തുക അനുവദിച്ചത്.   വിജയ മന്ദസ്മിതവുമായി മന്ത്രിയെ കാണാനെത്തിയ രിതയ്ക്ക് ബാങ്കോക്കിലെ വിജയം തുടർ വിജയങ്ങളുടെ തുടക്കമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയായ രിത, അമ്മ മഞ്ചുവുമായാണ് മന്ത്രിയെ കാണാൻ എത്തിയത്.
പി.എൻ.എക്‌സ്.4725/19

 

date