Skip to main content

പ്ലാസ്റ്റിക്കിനെ പടികടത്തി പള്ളിപ്പുറം പഞ്ചായത്ത്

ആലപ്പുഴ: ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഇന്ന് (ജനുവരി) മുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമായി നടപ്പാക്കാന്‍ വിപുലമായ ബോധവത്ക്കരണ പരിപാടികളും കര്‍മ്മ പദ്ധതികളുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലന്യങ്ങള്‍ ശേഖരിച്ചു പുനരുപയോഗിക്കുന്നതിനായി പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂണിറ്റുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പഞ്ചായത്ത് പരിധിയിലുള്ള വീടുകളില്‍ നിന്ന് 34 അംഗ ഹരിത കര്‍മ സേനയാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് ശേഖരണത്തിനായി പഞ്ചായത്തിലെ ഓരോ വീട്ടിലും പഞ്ചായത്തിന്റെ പേര് പതിച്ച ചാക്കുകള്‍ നല്‍കിയിട്ടുണ്ട്. ഈ ചാക്കുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് നിശ്ചിത തുക ഈടാക്കിയ ശേഷം ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ ശേഖരിക്കും. കരം ഇല്ലാത്ത വീടുകള്‍ക്കു 10രൂപ, കരം അടയ്ക്കുന്ന വീടുകള്‍ക്ക് 25, കച്ചവട സ്ഥാപനങ്ങള്‍ക്ക് 50രൂപ എന്നിങ്ങനെയാണ് നിരക്ക്.
പഞ്ചായത്തിലെ ഷ്രെഡിങ് യൂണിറ്റില്‍ എത്തിച്ചു ഇവ വേര്‍തിരിക്കും. വേര്‍തിരിച്ച പ്ലാസ്റ്റിക്കുകള്‍ ക്രഷിങ് യന്ത്രത്തിലിട്ട് പൊടിച്ചു റോഡ് പണിക്ക് നല്‍കും. വരും വര്‍ഷത്തില്‍ മറ്റ് പദ്ധതികളിലേക്കും നിര്‍മാണത്തിലേക്കും വിപുലപ്പെടുത്താനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഹരിത പെരുമാറ്റചട്ടവും പിഴയും പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. വിവാഹം അടക്കമുള്ള പരിപാടികളില്‍ അത് കൃത്യമായി പാലിക്കാന്‍ പഞ്ചായത്തിന്റെയും തൈക്കാട്ടുശ്ശേരി ബ്ലോക്കിന്റെയും തുക ഉപയോഗിച്ചു വാങ്ങിയ സ്റ്റീല്‍, പ്ലാസ്റ്റിക് ഇതര പാത്രങ്ങള്‍ എന്നിവയും പഞ്ചായത്തില്‍ നിന്ന് മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ നിര്‍മിക്കാനുള്ള യൂണിറ്റും തുടങ്ങിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള തുണിസഞ്ചികള്‍ ഇവിടെ നിന്നും നിര്‍മ്മിച്ചു നല്‍കും.  
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെ നിരന്തര പരിശ്രമത്തിലൂടെയാണ് പ്ലാസ്റ്റിക് രഹിത ഗ്രാമം എന്ന സ്വപ്നത്തിലേക്ക് പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് നടന്നടുക്കുന്നത്.

 

date