Skip to main content
പിരായിരി പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകളിലായി ഒഴുകുന്ന കുന്നംകുളങ്ങര തോട്് വീണ്ടെടുക്കല്‍ പ്രവൃത്തി.

'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതി:  ജില്ലയില്‍ നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍ യജ്ഞം ഊര്‍ജിതം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയിലൂടെ പുതുജീവന്‍ ലഭിച്ചത് നിരവധി തോടുകള്‍ക്കും പുഴകള്‍ക്കും. മരുതറോഡ്,  അകത്തേത്തറ, പുതുശേരി, കൊടുമ്പ്, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലായി നിരവധി തോടുകളും പുഴകളുമാണ് വീണ്ടെടുത്തത്. തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാ-കായിക ക്ലബ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ ചേര്‍ന്നാണ് കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനകരമാകുന്ന ജലസ്രോതസുകള്‍ വീണ്ടെടുത്തത്. എലപ്പുള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 474 അംഗ സംഘമാണ് വാവോലിതോട് കാടും പടലും വെട്ടി വൃത്തിയാക്കിയത്. പുഴയില്‍ അനധികൃതമായി കെട്ടിയ ബണ്ടുകളും പൊളിച്ചുനീക്കിയതോടെ 4.6 കി.മീ ദൂരത്തില്‍ തോട്ടിലെ നീരൊഴുക്ക് കൂടി.

കല്ലേപ്പുള്ളി മില്‍മ മുതല്‍ തിരുമുണ്ടി തോട് വൃത്തിയാക്കിയാണ് മരുതറോഡ് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായത്. ചാലുകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യവും ചളിയും നീക്കി നീരൊഴുക്ക് പുനസ്ഥാപിച്ചത് 346 പേരടങ്ങുന്ന ജനകീയ കൂട്ടായ്മയുടെ ശ്രമഫലമായാണ്. പ്രളയബാധിത പ്രദേശമായ അമ്പാട്ടു തോടും കല്‍പ്പാത്തി പുഴയോരവുമാണ് അകത്തേത്തറ ഗ്രാമപഞ്ചായില്‍ വൃത്തിയാക്കിയത്.

കോരയാര്‍ പുഴയുടെ ഭാഗമായ നരകംപുള്ളി പുഴയാണ് പുതുശേരിയിലെ ജനകീയ കൂട്ടായ്മ ശുചീകരിച്ചത്. വെനോലി പ്രദേശത്ത് വെള്ളം കെട്ടിനിന്ന പുഴയിലെ കാട് വെട്ടി നീക്കി വെള്ളം ഒഴുകുന്ന രീതിയിലാക്കി. ഇതോടെ നെല്‍പ്പാടങ്ങളില്‍ ജലസേചനത്തിന് സൗകര്യമായി. പ്രളയ സമയത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാനാണ് കൊടുമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്ന് കി.മീ ദൈര്‍ഘ്യമുള്ള പൊന്നുമല തോട് ചളി കോരി വൃത്തിയാക്കിയത്.

പാലക്കാട് ബ്ലോക്കിനു കീഴിലെ പിരായിരി പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകളിലായി ഒഴുകുന്ന കുന്നംകുളങ്ങര തോടാണ് വീണ്ടെടുക്കുന്നത്. ഏകദേശം എട്ട് കിലോമീറ്ററോളം നീളത്തില്‍ ഒഴുകുന്ന ഈ തോടിന്റെ ആദ്യഘട്ട ശുചീകരണം തുടങ്ങി. ഘട്ടംഘട്ടമായി ശുചീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
കേരളശ്ശേരി പഞ്ചായത്തില്‍ 200 പേരുടെ സഹകരണത്തോടെ ഒരു കിലോമീറ്റര്‍ നീളമുള്ള തടുക്കശ്ശേരി മാനിയംകുന്ന് തോട് ശുചീകരിച്ചു. മങ്കര ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംതോട്, പറളി പഞ്ചായത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു  നിന്നും പുഴയിലേക്ക് ഒഴുകുന്ന അക്കരതോട് എന്നിവയാണ് ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കിയത്. മണ്ണൂര്‍ പഞ്ചായത്തില്‍ ചവിറ്റിലതോടാണ് വീണ്ടെടുത്തത്.

കുഴല്‍മന്ദം ബ്ലോക്കിനു കീഴിലെ കുത്തന്നൂര്‍, മാത്തൂര്‍ പഞ്ചായത്തുകളിലും നീര്‍ച്ചാലുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. കുത്തന്നൂര്‍ പഞ്ചായത്തില്‍ മുന്നൂറിലേറെ പേരുടെ സഹകരണത്തോടെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തെക്കോത്തോട്, മാത്തൂര്‍ പഞ്ചായത്തില്‍ ഇരുനൂറോളം പേരുടെ സഹകരണത്തോടെ താമരപ്പാടം തോട് എന്നിവയാണ് ശുചീകരിച്ചത്.

date