Skip to main content

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി:  ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 14333 വീടുകള്‍

 

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ നിര്‍മ്മിച്ചു നല്‍കിയത് 14333 വീടുകള്‍. ഒന്നാം ഘട്ടത്തില്‍ 8093 വീടുകളില്‍ 7525 ഉം രണ്ടാംഘട്ടത്തില്‍ 12204 ല്‍ 6808 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്.  പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍  വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തീകരിക്കാത്ത വീടുകളെ കണ്ടെത്തി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കി . രണ്ടാംഘട്ടത്തില്‍  ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവരെ കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കി.

 

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടിനൊപ്പം സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ജനുവരി ഏഴിന് ജില്ലാതല കുടുംബസംഗമം ചെറിയ കോട്ടമൈതാനിയില്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഗുണഭോക്താക്കള്‍ക്ക്  ലഭ്യമാക്കുകയാണ് ലക്ഷ്യം.

 

ജില്ലാതല സംഗമത്തിന് മുന്നോടിയായി ബ്ലോക്ക് / മുനിസിപ്പാലിറ്റി തല സംഗമങ്ങളും സംഘടിപ്പിക്കും. ബ്ലോക്ക് മുനിസിപ്പാലിറ്റികളില്‍ സംഗമത്തോടൊപ്പം ഐ.ടി., ലീഡ് ബാങ്ക്, റീജിയണല്‍ ബാങ്ക്, സിവില്‍ സപ്ലൈസ്, ഗ്യാസ് ഏജന്‍സികള്‍, സാനിറ്റേഷന്‍/ശുചിത്വമിഷന്‍, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, വ്യവസായം, ഫിഷറീസ്, ബാംബൂ കോര്‍പ്പറേഷന്‍, ഡയറി, കൃഷി, ഗ്രാമവികസനം, പട്ടികവര്‍ഗം, പട്ടികജാതി, ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശു വികസനം, റവന്യൂ, പഞ്ചായത്ത്, ധനകാര്യം എന്നീ   ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിനായി അദാലത്തും നടത്തും. അദാലത്തില്‍ ആധാര്‍ - റേഷന്‍ കാര്‍ഡ് തിരുത്തല്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്ക് സേവനങ്ങള്‍ , സാമൂഹിക സുരക്ഷ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ , റവന്യൂ രേഖകള്‍ , പട്ടികജാതി-പട്ടികവര്‍ഗ ആരോഗ്യ വകുപ്പ് പദ്ധതികള്‍ പ്രധാനമന്തി ഉജ്വല്‍ യോജന തുടങ്ങിയ സേവനങ്ങളാണ് അന്നേ ദിവസം ലഭ്യമാക്കുക.

date