Skip to main content

മുതലമട മാങ്കോ ഹബ് ലക്ഷ്യമിടുന്നത് 8.5 ടണ്‍ വിളവ്:  ജില്ലാ വികസന സമിതി യോഗം

 

മുതലമട മാങ്കോ ഹബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൈലറ്റ് പ്രൊജക്ട് സമര്‍പ്പിച്ചതായി ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ യോഗത്തില്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.  നിലവില്‍ 3070 ഹെക്ടറിലാണ് മാങ്ങ കൃഷി ചെയ്യുന്നത്. ഒരു ഹെക്ടറില്‍ നിന്നും 8.5 ടണ്‍ വിളവാണ് ലക്ഷ്യമിടുന്നത്. ഇത്തവണ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മരങ്ങള്‍ പൂക്കാന്‍ വൈകിയത് വിപണനത്തില്‍ വെല്ലുവിളിയാകും. രാസവളങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിന് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ഇടനിലക്കാരെ ഒഴിവാക്കി ഭൂവുടമകള്‍ നേരിട്ട് കൃഷി ചെയ്യുന്നതു സംബന്ധിച്ചു മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.  

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 2020 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെ 470 ദിവസം നീളുന്ന ജീവനി- എന്റെ കൃഷി എന്റെ ആവശ്യം എന്ന പേരില്‍ പച്ചക്കറി കൃഷി വ്യാപകമാക്കും. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയില്‍ നടുന്നതിനായി 83 ലക്ഷത്തോളം തൈകള്‍ തയ്യാറാക്കുന്നതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹരിതകേരള മിഷനുമായി കൈകോര്‍ത്ത് ജില്ലയില്‍ ബദല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കുടുംബശ്രീ യൂണിറ്റുകള്‍ സജ്ജമായതായി ഹരിതകേരളംമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. തുണിസഞ്ചികള്‍, പേപ്പര്‍ബാഗുകള്‍ എന്നിവ നിര്‍മിക്കുന്നതിനായിരിക്കും മുന്‍തൂക്കം.
ഇനി ഞാനൊഴുകട്ടെ-നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് യജ്ഞത്തില്‍ ജില്ലയില്‍ പതിനാറായിരത്തോളം പേര്‍ നേരിട്ട് പങ്കാളികളായി. വരും വേനലില്‍ കുടിവെള്ളത്തിനും കൃഷിക്കും ഏറെ ഉപകാരപ്രദമാകുന്ന നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതായും ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമം ജനുവരി ഏഴിന് ചെറിയ കോട്ടമൈതാനത്തു നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡില്‍ നിന്നും ഒരു ഗുണഭോക്താവിനേയാണ് കുടുംബസംഗമത്തിലേക്ക് ക്ഷണിക്കുന്നത്. ജില്ലയില്‍ നിലവില്‍ 18000 വീടുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലെത്തിയതായി ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ലൈഫ് ഒന്നാംഘട്ടത്തില്‍ 92.98 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തിന്റെ വെരിഫിക്കേഷനില്‍ 14486 പേരെയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ കെ.വി.വിജയദാസ്, കെ.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി.മുരുകദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുത്തു.

date