Skip to main content

  ഇരുട്ടിനെ ഭയക്കാതെ നിര്‍ഭയം നടന്ന് സ്ത്രീകള്‍

 

 

ഒറ്റയ്ക്കും കൂട്ടമായും ഇരുട്ടിനെ ഭയക്കാതെ ജില്ലയിലെ ഏഴുകേന്ദ്രങ്ങളിലായി 404 സ്ത്രീകള്‍  രാത്രി നടത്തത്തില്‍ പങ്കെടുക്കാന്‍  നിരത്തിലിറങ്ങി.  പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി  ആരംഭിച്ച നടത്തം അഞ്ചു വിളക്കിലെത്തിച്ചേര്‍ന്നപ്പോള്‍ വലിയ കൂട്ടമായി മാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പ്രതിജ്ഞ് ചൊല്ലിക്കൊടുത്തു. രാത്രി നടത്തതിലുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ്, കേക്ക് മുറിച്ച്  സന്തോഷം പങ്കിട്ടു.

 

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉണര്‍ത്തുക, നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, പൊതുയിടങ്ങള്‍ അന്യമാകാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്  വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.

രാത്രി 11 മുതല്‍  ഏഴു മുനിസിപ്പാലിറ്റികളിലെയും തിരഞ്ഞെടുത്ത വഴികളിലൂടെയാണ് നടന്നത്. സംസ്ഥാനത്തൊട്ടാകെ നിര്‍ഭയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 'പൊതു ഇടം എന്റേതും' എന്ന പേരില്‍ നടക്കുന്ന സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. ടൗണ്‍സൗത്ത്, നോര്‍ത്ത് പോലീസ്, പിങ്ക് പട്രോളിങ്ങ്, ഹൈവേ പോലീസ്,  എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നിരത്തുകളില്‍ പ്രത്യേക നിരീക്ഷണവും നടത്തിയിരുന്നു

date