Skip to main content

കേരളത്തെ ആഗോള ബ്രാന്‍ഡാക്കാന്‍ മാധ്യമങ്ങള്‍ ഒന്നിക്കണം

''ആഗോളതലത്തില്‍ ശ്രദ്ധിക്കുന്ന ബ്രാന്‍ഡായി കേരളത്തെ ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയും, ഇതിനായി കേരളീയരായ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിക്കണം'' ലോകകേരള മാധ്യമ സഭയോടനുബന്ധിച്ച് 'നവകേരള നിര്‍മിതിയില്‍ ദേശീയ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. കേരളത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്തിനേയും ഉള്‍ക്കൊള്ളാനുള്ള കഴിവും മതേതരത്വവുമാണ്. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകജനതയ്ക്കുമുന്നില്‍ എത്തിക്കണം. പുരോഗമനപരമായ ആശയങ്ങള്‍ പ്രകടിപ്പിക്കാനും അഭിപ്രായങ്ങള്‍ സധൈര്യം പ്രകടിപ്പിക്കാനും സാധിക്കുന്ന ബ്രാന്‍ഡായി കേരളത്തെ നിലനിര്‍ത്തിക്കൊണ്ടു പോകണം.പ്രളയം,ശബരിമല വിധി,പൗരത്വഭേഗതി ബില്‍ എന്നിവയും ചര്‍ച്ച ചെയ്തു. സംസ്ഥാനം പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പോലുള്ള സംവിധാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കണം. ദേശീയ മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരം നല്‍കണം.കേരളത്തിനെ സംബന്ധിച്ച ദൈനംദിന വിവരങ്ങള്‍ മലയാളികള്‍ അല്ലാത്തവര്‍ക്കും അറിയാന്‍ ഇത് സഹായകമാകും.കേരളം നേരിട്ട ഒരു പ്രശ്‌നത്തെ എങ്ങനെ അതിജീവിച്ചു എന്ന വസ്തുതയും ലോകജനതയ്ക്കുമുന്നില്‍ കാണിക്കുക വഴി കേരളത്തെ ബ്രാന്‍ഡായി ഉയര്‍ത്തിക്കാണിക്കാവുന്നതാണ്. പ്രാദേശിക മാധ്യമങ്ങളില്‍ അനാവശ്യ കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കി ഗുണകരമായ വിഷയങ്ങളെ സംബന്ധിച്ചും പാരിസ്ഥിക വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രതിപാദിക്കണം.

കേരളത്തിലെ പ്രാദേശിക മാധ്യമങ്ങളില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം നഷ്ടമാകുന്നതായി കണ്ടു വരുന്നു.ഇതില്‍ മാറ്റം ഉണ്ടാവണം.റീബിള്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗുണപരമായ നിര്‍ദേശങ്ങള്‍ കേരള മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യണം.ഇത് വഴി കേരളം എന്ന ബ്രാന്‍ഡിനെ ശക്തിപ്പെടുത്താന്‍ സാധിക്കും.കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തില്‍ മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരെ ഉള്‍പ്പെടുത്തി മീറ്റിങ് കൂടുക വഴി കേരളത്തിലെ മാധ്യമങ്ങള്‍ ശക്തരാണെന്നുള്ള ബ്രാന്‍ഡിങ്ങും നടത്താവുന്നതാണ്.സര്‍ക്കാരിനും ഇതിലൊരു വല്യ പങ്ക് വഹിക്കാവുന്നതാണ്.മലയാളികള്‍ അല്ലാത്ത മാധ്യമപ്രവര്‍ത്തകരുമായി കേരളത്തിലെ മാധ്യമങ്ങള്‍ ദൃഢമായ ബന്ധം സ്ഥാപിക്കുകയും വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യണം.

മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്റ്ററും കേരള മീഡിയ അക്കാഡമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍,ദേശീയ പത്രപ്രവര്‍ത്തകരായ ജോസി ജോസഫ്, ജെ.ഗോപീകൃഷ്ണന്‍,കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് ജോസ്, ദി വയര്‍ സ്ഥാപക എഡിറ്റര്‍ എം.കെ.വേണു, ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഉണ്ണിരാജന്‍ ശങ്കര്‍,ഫ്രണ്ട്‌ലൈന്‍ ഡല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേഷ് രാമകൃഷ്ണന്‍, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി,ദി ഹിന്ദു ഡെപ്യൂട്ടി പിക്ചര്‍ എഡിറ്റര്‍ ഷാജു ജോണ്‍ എന്നിവരടങ്ങുന്ന പാനലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.
(പി.ആര്‍.പി. 1376/2019)

date