Skip to main content

വാര്‍ഷിക പദ്ധതി നിര്‍വഹണം അവലോകനം ചെയ്തു വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ ജില്ല അഞ്ചാം സ്ഥാനത്ത്

വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ പത്തനംതിട്ട ജില്ല സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്ത്. ജില്ലയുടെ ആകെ വാര്‍ഷിക പദ്ധതി വിനിയോഗം  37.36 ശതമാനമാണ്.   ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഇക്കാര്യം വിലയിരുത്തി. വാര്‍ഷിക പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എ.ഡി.എം അലക്‌സ് പി. തോമസ്  നിര്‍ദേശിച്ചു.
 മൈലപ്രയാണ് ജില്ലയില്‍ ഏറ്റവും അധികം വിഹിതം ചെലവഴിച്ച ഗ്രാമപഞ്ചായത്ത് 56.58 ശതമാനം. ബ്ലോക്ക് പഞ്ചായത്തുകളില്‍ 56.03 ശതമാനം വിനിയോഗിച്ച ഇലന്തൂരാണ് ഒന്നാമത്. നഗരസഭകളില്‍ 41.04 ശതമാനം വിനിയോഗിച്ച പന്തളം നഗരസഭയാണ് ഒന്നാമത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിനിയോഗം 29.13 ശതമാനമാണ്.
സംയുക്ത, സംയോജിത പദ്ധതികളുടെ വിവരണവും 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവും നടപടിക്രമങ്ങളും കൂടാതെ പ്രളയബാധിത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പ്രത്യേക  വിഹിത വിനിയോഗത്തെ സംബന്ധിച്ചും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍കുമാര്‍ വിശദീകരിച്ചു.  2020-21 വാര്‍ഷിക പദ്ധതിക്കൊപ്പം ദുരന്തനിവാരണ പദ്ധതി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും വാര്‍ഷിക പദ്ധതിക്കൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍ യോഗത്തില്‍ വിശദീകരിച്ചു. പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍  പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബു, സാം ഈപ്പന്‍, ആര്‍.രാജീവ് കുമാര്‍, സര്‍ക്കാര്‍ നോമിനി എന്‍. രാജീവ്, ജനകീയ ആസൂത്രണ ജില്ലാ കോ-ഓഡിനേറ്റര്‍ എം.കെ വാസു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍ മുരളീധരന്‍ നായര്‍,  തദ്ദേശ ഭരണസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date