Skip to main content

വിഷുവിന് വിഷവിമുക്ത പച്ചക്കറി ലക്ഷ്യം; ജീവനി പദ്ധതിക്ക് ഇന്ന്(1) തുടക്കം

സംസ്ഥാനത്ത് പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിക്ക് ജില്ലയില്‍ ഇന്ന്(1) തുടക്കമാകും. ഇന്ന്(1) മുതല്‍ 2021 വിഷു വരെയുള്ള 470 ദിവസക്കാലം നടപ്പാക്കുന്ന വിപുലമായ പദ്ധതിയാണ് ജീവനി. കൃഷിവകുപ്പ്, ആരോഗ്യ വകുപ്പുമായി സഹകരിച്ച്  ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. വിഷമുക്തമായ പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ പച്ചക്കറി തൈകള്‍, പരമ്പരാഗത ഇനം വിത്തുകള്‍, പോഷക സസ്യങ്ങളുടെ തൈകള്‍ എന്നിവ  വിതരണം ചെയ്യും. കര്‍ഷക കൂട്ടായ്മകള്‍ വിപുലീകരിക്കും. പോഷക സസ്യങ്ങളുടെ തൈകള്‍ വിതരണം ചെയ്യും.

ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി പകുതിയോടെ നടക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ  ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭ അംഗങ്ങള്‍ എന്നിവര്‍ക്ക്  ജീവനി പദ്ധതിയുടെ ഭാഗമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യും.  ജനുവരി 15ന് മുന്‍പ് കറിവേപ്പില, പപ്പായ, മുരിങ്ങ, പല തരം ചീരകള്‍, വാഴ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുക. ജില്ലയില്‍ പഞ്ചായത്ത് തല മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കും.

ജീവനി പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം ജനുവരി നാലിന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗയുടെ വേദിയില്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് കൃഷി പാഠശാലകള്‍ തുടങ്ങി വീട്ടമ്മമാരെയും ഈ പദ്ധതിയുടെ ഭാഗമാക്കും.  ഭൗമസൂചിക പദവി ലഭിച്ച വിത്തുകള്‍ ഉള്‍പ്പെടെ 100 പരമ്പരാഗത പച്ചക്കറി വിത്തിനങ്ങള്‍ തെരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നതിനും സ്‌ക്കൂളുകള്‍, വീട്ടുവളപ്പുകള്‍, മട്ടുപ്പാവ് കൃഷി എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ജീവനി ബ്ലോക്ക്, പഞ്ചായത്തുകള്‍ രൂപീകരിക്കുന്നതോടെ എല്ലാ ആഴ്ചയിലും ഗ്രാമചന്തകളും ആരംഭിക്കും. ഉത്സവങ്ങളുടെ ഭാഗമായി കൃഷി സ്റ്റാളുകളും തുടങ്ങാനാകും.

 

date