Skip to main content

സ്ത്രീ ശക്തിയില്‍  കുളം നിര്‍മാണം പുരോഗമിക്കുന്നു

അടൂര്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു സ്ത്രീ തൊഴിലാളികളുടെ കരുത്തില്‍ മേലൂട് ഉദയഗിരിയില്‍ കുളം നിര്‍മാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. പതിമൂന്ന് മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ ആഴത്തിലുമാണ് കുളം നിര്‍മാണം പുരോഗമിക്കുന്നത്. കുളം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 30 തൊഴിലുറപ്പ് തൊഴിലാളികളില്‍ 28 പേരും വനിതകളാണ്. കുളം നിര്‍മാണത്തിലൂടെ തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് 500 തൊഴില്‍ ദിനങ്ങള്‍ ലഭ്യമായി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 30 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമായി ആകെ 982 തൊഴില്‍ ദിനങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 2019-2020 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,90,200 രൂപ ചെലവഴിച്ചാണ് നിര്‍മാണം. കുളത്തിന് സംരക്ഷണ ഭിത്തിയായി കയര്‍ ഭൂവസ്ത്രം വിരിക്കാനാണ് തീരുമാനം. മേലൂട് മേഖലയില്‍ കുടിവെള്ള സ്രോതസായും, കൃഷിക്കും കുളത്തെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. മേലൂട് ശാന്തിഭവനം രഞ്ജിത്തിന്റെ സ്ഥലത്താണ് കുളം നിര്‍മാണം പുരോഗമിക്കുന്നത്.

സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം
ഹരിതകേരളം മിഷന്‍ ജനുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉത്പന്ന പ്രദര്‍ശന വില്പന മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശന വില്പനമേള. ഹരിതകേരളം മിഷന്‍ സഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തോട് അനുബന്ധിച്ചാണ് പരിപാടി. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍ ബന്ധപ്പെടണം.  നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദലായി ഉള്ളവയ്ക്ക് പ്രാധാന്യം നല്‍കുന്ന വസ്തുക്കള്‍, വ്യത്യസ്തങ്ങളായ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387801694 എന്ന നമ്പരില്‍ ബന്ധപ്പെടണം.
 

date