Skip to main content

തമ്പാനൂർ പോലീസ് സ്റ്റേഷൻ ഇനി പുതിയ മന്ദിരത്തിൽ

* മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
തലസ്ഥാന നഗരഹൃദയത്തിലെ തമ്പാനൂർ പോലീസ് സ്റ്റേഷനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തമ്പാനൂർ ന്യൂ തിയേറ്ററിന് എതിർവശത്താണ് 2.50 കോടി രൂപ ചെലവിൽ നാലു നിലയിലുള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
ലിഫ്റ്റ് സംവിധാനമടക്കമുളള കേരളത്തിലെ ആദ്യത്തെ ബഹുനില പോലീസ് സ്റ്റേഷൻ കെട്ടിടമാണ് തമ്പാനൂരിൽ യാഥാർഥ്യമായത്. ഏറ്റവും മികച്ച കമ്പ്യൂട്ടർ, വയർലെസ്, ക്യാമറ, വൈഫൈ സംവിധാനങ്ങളും സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.
നഗരത്തിലെ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന 'ചീറ്റ പട്രോൾ' വാനുകളുടെയും ബൈക്കുകളുടെയും ഫ്ളാഗ് ഓഫും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറിയും കെട്ടിടത്തിൽനിന്ന് ചാടിയും കമാന്റോകളുടെ അഭ്യാസപ്രകടനവും അരങ്ങേറി.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, കൗൺസിലർ എം.വി. ജയലക്ഷ്മി, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.05/2020

date