Skip to main content

ദേശീയതലത്തിലെ സാമ്പത്തികമാന്ദ്യ സാഹചര്യത്തിൽ സഹകരണമേഖലയുടെ ശക്തിയും സേവനവും പ്രസക്തം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

* സഹകരണ നിക്ഷേപസമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു
ദേശീയതലത്തിൽ സാമ്പത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിധ്യവും സേവനവും പ്രസക്തമാകുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 40 ാം സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപീകരിച്ച ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണ യജ്ഞമാണെന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. സഹകരണമേഖലയെ കൂടുതൽ സുശക്തമാക്കുന്നതിനും ആധുനീകരിക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളബാങ്ക് രൂപീകരിച്ചത്. രണ്ടുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കായി വളർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആദ്യനിക്ഷേപം സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിലേക്ക് വി.എസ്. സൂരജിൽ നിന്ന് മന്ത്രി സ്വീകരിച്ചു.
ചടങ്ങിൽ പാക്സ് അസോസിയേഷൻ പ്രസിഡൻറ് വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോ: പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജോയിൻറ് രജിസ്ട്രാർ ജനറൽ ഡി. കൃഷ്ണകുമാർ, സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡൻറ് എൻ. സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം സെക്രട്ടറി എസ്. റഫീക് നന്ദിയും പറഞ്ഞു. ഗവ: സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘവുമായി സഹകരിച്ചായിരുന്നു ചടങ്ങ്.
സഹകരണ മേഖലയിലെ 40-ാമത് സഹകരണ നിക്ഷേപം ഫെബ്രുവരി 29 വരെ സംസ്ഥാനത്താകെ നടക്കും. രണ്ട് മാസം നീണ്ടു നിൽക്കുന്ന പദ്ധതിയിലൂടെ 6000 കോടി രൂപയുടെ നിക്ഷേപം സഹകരണ ബാങ്കുകളിലേക്ക് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് വിവിധ കാരണങ്ങളാൽ  വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് സഹായമാകുന്ന പദ്ധതിയാണ് നവകേരളീയം കുടിശ്ശിക നിവാരണം. വായ്പ തിരിച്ചടവ് നടത്തുന്നവർക്ക് പലിശ ഇൻസെന്റീവ് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് മാസമാണ് പദ്ധതിയുടെ കാലാവധി.  
പി.എൻ.എക്സ്.06/2020

date