Skip to main content

നഗരത്തിന്റെ ടൂറിസം ഹബ്ബ് ആകാനൊരുങ്ങി വഞ്ചിക്കുളം നേച്ചർ പാർക്ക്

തൃശൂർ നഗരത്തിന്റെ ടൂറിസം ഹബ്ബ് ആകാൻ ഒരുങ്ങി നവീകരിച്ച വഞ്ചിക്കുളം. രാജഭരണ കാലത്ത് നഗര വ്യാപാര സിരാകേന്ദ്രം ആയിരുന്ന വഞ്ചിക്കുളം നഗരത്തിന്റെ ടൂറിസം ഹബ്ബ് ആക്കി മാറ്റാനായി കോർപറേഷനും സംസ്ഥാന ടൂറിസം വകുപ്പും സഹകരിച് ഒരുക്കുന്ന പദ്ധതിയാണ് വഞ്ചിക്കുളം നേച്ചർ പാർക്ക് നിർമാണം. നവീകരിച്ച വഞ്ചിക്കുളം ജൂൺ അവസാനത്തോടെ സമർപ്പിക്കപെടുന്നതോടെ നഗരത്തിന്റെ വിനോദ കേന്ദ്രങ്ങളുടെ തലസ്ഥാനം ആകും ഈ ഇടം.
ഒന്നേകാൽ നൂറ്റാണ്ട് മുൻപ് വരെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രം ആയിരുന്നു വഞ്ചിക്കുളം. പായലും ചളിയും നിറഞ്ഞു കിടന്നിരുന്ന കുളം 3 കോടി രൂപ ചിലവിൽ നവീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള പവലിയൻ കെട്ടിടം കൂടുതൽ സൗകര്യങ്ങളോടെ പുതുക്കി പണിയും. ടിക്കറ്റ് കൗണ്ടർ, ലഘു ഭക്ഷണശാല എന്നിവ ഉൾപ്പെടുത്തി ബോട്ട് ഡക്ക് കെട്ടിടം നിർമിക്കും. കുളത്തിനു ചുറ്റുമുള്ള പടവുകൾ വൃത്തിയാക്കി കുളക്കടവുകൾ പുതുക്കി പണിയും. ഭിത്തികൾ പുതുക്കി പണിയുകയും, ഇല്ലാത്തിടത് പുതിയത് നിർമ്മിക്കുകയും ചെയ്യും. കുളത്തിനു ചുറ്റുമുള്ള സ്ഥലത്ത് നടപ്പാത, പൂന്തോട്ടം, പ്രതിമകൾ, റോഡിന്റെ അതിർത്തി സംരക്ഷണം, മഴ കൊള്ളാതിരിക്കാനുള്ള നിർമിതികൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമ്മിക്കും. കനാലിന് കുറുകെ സ്റ്റീൽ പാലം, കനലിനോട് ചേർന്ന് നടപ്പാത, സൈക്കിൾ ട്രാക്ക്, ചെറിയ കടകൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമ്മിക്കും. ആദ്യ ഘട്ടത്തിൽ കനാലിന്റെ വടൂക്കര പാലം വരെയുള്ള 2.5 കിലോമീറ്ററിൽ ബോട്ടിങ് തുടങ്ങും. രണ്ടാം ഘട്ടത്തിൽ കനാൽ നവീകരണം കെഎൽഡിസി കനാൽ വരെ നീട്ടും. കനോലി കനാൽ, പുഴയ്ക്കൽ കനാൽ എന്നിവയുമായി വഞ്ചിക്കുളം കനലിനെ യോജിപ്പിക്കും. സൗരോർജ പദ്ധതിയും, മറ്റ് വൈദ്യുതീകരണ വർക്കുകളും ചെയ്യും, ആവശ്യമായ ദിശ സൂചിക ബോർഡുകൾ, മാലിന്യ സംസ്‌കരണ പദ്ധതികൾ എന്നിവ നടപ്പിലാക്കും. ചെടികൾക്കായി ജല സേചന സൗകര്യവും ഏർപ്പെടുത്തും. ഡി ഡി ആർക്കിടെക്റ്റ് തയ്യാറാക്കിയ ഡിസൈൻ കോർപറേഷനും, ടൂറിസം വകുപ്പും അംഗീകരിച്ചു. ഡ്രഡ്ജിങ് ജോലികൾ കോർപറേഷൻ നേരിട്ട് നടത്തും. സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്താൻ ടൂറിസം വകുപ്പ് സംസ്ഥാന നിർമിതി കേന്ദ്രത്തെ ചുമതലപെടുത്തി. നിലവിലുള്ള ടോയ്‌ലറ്റ് നവീകരണം അനുബന്ധ പ്രവർത്തികൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയും നടത്തും.

date