Skip to main content

പ്ലാസ്റ്റിക്ക് നിരോധനം: വ്യാപാരികള്‍ സഹകരിക്കണം- ജില്ലാ ആസൂത്രണ സമിതി

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിക്കുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ സ്വീകരിക്കുന്നത് യുക്തിരഹിതമായ നിലപാടാണെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ഡിസ്‌പോസിബിള്‍ ഫ്രീ കണ്ണൂര്‍ എന്ന പേരില്‍ ജില്ലയില്‍ രണ്ടുവര്‍ഷമായി വിജയകരമായി പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ രംഗത്ത്് മികച്ച മുന്നേറ്റം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളിലും പ്ലാസ്റ്റിക്കിനെതിരായ അവബോധം വളര്‍ത്താനായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തോടു യോജിക്കാനാവില്ല.  സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യ ഘട്ടമായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെ കര്‍ശനമായി നിരോധിച്ചിരിക്കുന്നത്.  നിലവിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിറ്റുതീരും വരെ കാത്തുനില്‍ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി..  ജനുവരി 15 നുശേഷം നിരോധനം കര്‍ശനമാക്കും. വ്യാപാരികള്‍ അവരുടെ പക്കലുള്ള  നിരോധിത ഉല്‍പന്നങ്ങള്‍ ബന്ധപ്പെട്ട അധികൃതക്ക് തിരിച്ചേല്‍പിക്കണം. പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികളുടെ പൂര്‍ണ്ണ സഹകരണം കൂടിയേ തീരൂ. ജനുവരി അഞ്ചിനു മുമ്പുതന്നെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാരെയും വ്യാപാരികളെയും ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരും. പ്ലാസ്റ്റിക്കിനോട് വിട പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍  സ്വീകരിക്കണമെന്നും, കുടുംബശ്രീയൂനിറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  ഓഫീസുകള്‍ തുടങ്ങിയവയും നിരോധന പ്രവര്‍ത്തനങ്ങളില്‍സജീവമാകണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികള്‍ മാര്‍ച്ച്് 5 നകം തന്നെ പൂര്‍ത്തിയാക്കണമെന്നു യോഗം അറിയിച്ചു. ജനുവരി 22 നു കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ലൈഫ്  ജില്ലാതല സംഗമം വിജയിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. അതിന് മുമ്പായി ബ്ലോക്ക് തല സംഗമങ്ങള്‍ പൂര്‍ത്തീകരിക്കണം. ദുരന്ത നിവാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഗ്രാമസഭകളില്‍ പ്രത്യേകവികസന സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കാനും സമിതി നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കെ വി സുമേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതി ഭേദഗതി, ഇരിട്ടി നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെ അനുബന്ധ കര്‍മപദ്ധതി ലേബര്‍ ബജറ്റ്,  പയ്യന്നൂര്‍, ഇരിട്ടി, തളിപ്പറമ്പ്, എടക്കാട് ബ്ലോക്കുകള്‍ക്കുള്ള നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കി.
ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ പി ജയബാലന്‍,   ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date